'മാലിദ്വീപിനുള്ള പരോക്ഷ മറുപടി'; ബജറ്റിലിൽ സ്ഥാനംനേടി ലക്ഷദ്വീപ്, വിനോദസഞ്ചാരികളെ ആകർഷിക്കാൻ വൻ നിക്ഷേപം

ലക്ഷദ്വീപ് ഉൾപ്പെടെയുള്ള രാജ്യത്തെ ദ്വീപുകളുടെ വികസനത്തിനായി പ്രത്യേക സഹായങ്ങൾ നൽകുമെന്ന് കേന്ദ്ര ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു.

author-image
Greeshma Rakesh
New Update
'മാലിദ്വീപിനുള്ള പരോക്ഷ മറുപടി'; ബജറ്റിലിൽ സ്ഥാനംനേടി ലക്ഷദ്വീപ്, വിനോദസഞ്ചാരികളെ ആകർഷിക്കാൻ വൻ നിക്ഷേപം

ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.ലക്ഷദ്വീപ് ഉൾപ്പെടെയുള്ള രാജ്യത്തെ ദ്വീപുകളുടെ വികസനത്തിനായി പ്രത്യേക സഹായങ്ങൾ നൽകുമെന്ന് കേന്ദ്ര ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു.

ലക്ഷദ്വീപിലെ ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തും.നിലവിൽ സഞ്ചാരികൾ കടൽ- വിമാന മാർഗങ്ങളിലൂടെയാണ് ലക്ഷദ്വീപിലെത്തുന്നത്.അതിനാൽ തുറമുഖമേഖലയിലെ വികസനത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകും.സഞ്ചാരികൾക്ക് മികച്ച സഞ്ചാരാനുഭവം നൽകുന്നതിനായി ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും.11 ലക്ഷം കോടിയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യ ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണെന്നും അതിനാൽ ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.കഴിഞ്ഞ പത്ത് വർഷത്തെ ബിജെപി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് കൊണ്ടാണ് ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.മോദി സർക്കാരിന്റെ അവസാന ബജറ്റാണിത്.

അതെസമയം ഇടക്കാല ബജറ്റിൽ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സഹിപ്പിക്കുമെന്ന് പരാമർശിച്ചത് മാലദ്വീപിനുള്ള പരോക്ഷ മറുപടിയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തി.ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപിലെ മൂന്നു മന്ത്രിമാർ രംഗത്തെത്തിയത്.

മോദി കോമാളിയാണെന്നും ഇസ്രായേലിന്റെ കയ്യിലെ പാവയാണെന്നും ഇന്ത്യയിലെ സ്ഥലങ്ങൾക്ക് വൃത്തിയില്ലെന്നുമുൾപ്പെടെയുള്ള അധിക്ഷേപങ്ങളായിരുന്നു മാലി മന്ത്രിമാർ നടത്തിയത്. പിന്നാലെ ടൂറിസം മേഖലയിലുൾപ്പെടെ വലിയ തിരിച്ചടിയാണ് മാലദ്വീപ് നേരിടുന്നത്.

Tourism interim budget 2024 nirmala sitharaman lakshadweep