മുംബൈ: മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക നല്‍കാതിരുന്ന ഇന്‍ഷുറന്‍സ് കമ്പനി രോഗിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍.ഇന്‍ഷുറന്‍സ് തുകയായ 2.65 ലക്ഷം രൂപയ്ക്ക് 2.70 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
2019-ല്‍ സൗത്ത് മുംബൈയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ പേസ്‌മേക്കര്‍ മാറ്റിസ്ഥാപിക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ 55 കാരി കൊളാബ സ്വദേശിനിയ്ക്കാണ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടത്.
ഡിസ്ചാര്‍ജ് ഷീറ്റില്‍ പേസ് മേക്കറിന്റെ ബാറ്ററി മാറ്റിവയ്ക്കല്‍ മാത്രമാണ് നടന്നതെന്ന് രേഖപ്പെടുത്തിയിരുന്നതായുള്ള കമ്പനിയുടെ അവകാശവാദം കമ്മീഷന്‍ നിരസിച്ചു. മറ്റൊരു സര്‍ജന്‍ സമര്‍പ്പിച്ച ഡിസ്ചാര്‍ജ് ഷീറ്റില്‍ പേസ്‌മേക്കര്‍ മാറ്റിവയ്ക്കല്‍ നടന്നതായി കണ്ടെത്തിയെന്ന് കമ്മീഷന്‍ വ്യക്തമാക്കി.ബാധ്യത ഒഴിവാക്കാന്‍ കമ്പനി ഇന്‍ഷുറന്‍സ് തുക നിരസിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതായും കമ്മീഷന്‍ പറഞ്ഞു. തെളിവുകളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് തുക നിരസിക്കാനുള്ള ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും കമ്മീഷന്‍ ചൂണ്ടികാട്ടി.
2019 ഓഗസ്റ്റ് 28-ന് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ജെനിന്‍സ് ഇന്ത്യ ഇന്‍ഷുറന്‍സ് ടിപിഎ ലിമിറ്റഡ് എന്നിവയ്ക്കെതിരെ ഷൗഹീനും മുനീറ ദയയും കമ്മീഷനെ സമീപിച്ചിരുന്നു. 1998 സെപ്തംബറില്‍ തനിക്കും ഭാര്യക്കും മകള്‍ക്കും പോളിസി എടുത്തിരുന്നെന്നും കൃത്യമായി പുതുക്കിയിരുന്നതിന്റേയും രേഖകള്‍ ഷൗഹീന്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിരുന്നു.