ഇന്ത്യയുടെ ആദ്യ സൗര്യദൗത്യം ആദിത്യ-എൽ1 ജനുവരി 6ന് ലക്ഷ്യസ്ഥാനത്തെത്തും: ഐഎസ്ആർഒ

ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാൻജിയൻ പോയിന്റ് (എൽ1)ആണ് ലക്ഷ്യസ്ഥാനം.ലക്ഷ്യമിട്ടിരിക്കുന്ന എൽ1 പോയിന്‍റ് തൊടുന്നതോടെ ആദിത്യയുടെ എൻജിൻ ഒരിക്കൽക്കൂടി പ്രവർത്തിച്ച് കൂടുതൽ മുന്നോട്ടു പോകുന്നില്ലെന്നും ഉറപ്പാക്കും

author-image
Greeshma Rakesh
New Update
ഇന്ത്യയുടെ ആദ്യ സൗര്യദൗത്യം ആദിത്യ-എൽ1 ജനുവരി 6ന് ലക്ഷ്യസ്ഥാനത്തെത്തും: ഐഎസ്ആർഒ

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര്യദൗത്യമായ ആദിത്യ-എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്തെത്തമെന്ന് ഐഎസ്ആർഒ.ഇതോടെ ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ അവിസ്മരണീയമായ മറ്റൊരു തീയതിയായി മാറും ജനുവരി 6. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാൻജിയൻ പോയിന്റ് (എൽ1)ആണ് ലക്ഷ്യസ്ഥാനം.

ലക്ഷ്യമിട്ടിരിക്കുന്ന എൽ1 പോയിന്‍റ് തൊടുന്നതോടെ ആദിത്യയുടെ എൻജിൻ ഒരിക്കൽക്കൂടി പ്രവർത്തിച്ച് കൂടുതൽ മുന്നോട്ടു പോകുന്നില്ലെന്നും ഉറപ്പാക്കും.ജനുവരി ആറിന് ആദിത്യ-എൽ1 എൽ1 പോയിന്റിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. കൃത്യമായ സമയം ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂര്യന്‍റെ എൽ1 ഭ്രമണപഥത്തിൽനിന്ന് സൗര നിരീക്ഷണം നടത്തുന്നതിനുള്ള സ്പേസ് ഒബ്സർവേറ്ററിയാണ് ആദിത്യ എൽ1. കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ (എസ്‌ഡിഎസ്‌സി) നിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്.

അടുത്ത അഞ്ച് വർഷം സൗര മണ്ഡലത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ആദിത്യയുടെ നിയോഗം. മാത്രമല്ല സൗര മണ്ഡലത്തിലെ കൊടും ചൂട് അതിജീവിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ആർജിച്ചത് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

isro s somanath Aditya-l1 mission indias first solar mission