കാൻബെറ: ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജൻ വരുൺ ഘോഷ്. ഓസ്ട്രേലിയൻ പാർലമെന്റിൽ ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് അദ്ദേഹം. ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നത്.
പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ പുതിയ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് ഭഗവദ് ഗീത തൊട്ട് സത്യവാചകം ചൊല്ലിയത്. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നിന്നും ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്നും പിന്തുണ ലഭിച്ചതിന് ശേഷമാണ് പുതിയ നിയമനം.
ഘോഷിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ആശംസകൾ അറിയിച്ച് നിരവധിപേർ രംഗത്തുവന്നു.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബെനീസ് ഘോഷിന് ആശംസകൾ നേർന്നു. ഘോഷിന്റെ വൈദഗ്ധ്യം തെളിയിക്കും വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. താങ്കളെ പോലുള്ള ഒരാളെ തങ്ങളുടെ സംഘത്തിന് ലഭിച്ചത് ഭാഗ്യമാണെന്നും ഉത്തമമായ തിരഞ്ഞെടുപ്പാണ് ഇതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് തൻ്റെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.ഭഗവദ് ഗീതയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ ഓസ്ട്രേലിയൻ സെനറ്ററാണ് ഘോഷ്, എന്നാൽ ഇതൊരു അവസാനം ആകരുതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷാൽ ഭഗവദ് ഗീതയുടെ ചൈതന്യം ഭരണകാര്യങ്ങളിലും ഉണ്ടാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1985-ൽ ഇന്ത്യയിൽ ജനിച്ച വരുൺ ഘോഷ് തന്റെ 17-ാം വയസിലാണ് ഓസ്ട്രേലിയയിലേയ്ക്ക് ചേക്കേറുന്നത്. 1997-ൽ പെർത്തിലേക്ക് താമസം മാറുകയും ക്രൈസ്റ്റ് ചർച്ച് ഗ്രാമർ സ്കൂളിൽ ചേരുകയും ചെയ്തു.യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്ന് ആർട്സിലും നിയമത്തിലും ബിരുദം നേടി. തുടർന്ന് കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിയമപഠനം പൂർത്തിയാക്കി.
വരുൺ ഘോഷ് ന്യൂയോർക്കിൽ ഫിനാൻസ് അറ്റോർണിയായും വാഷിംഗ്ടണ്ണിൽ ലോകബാങ്കിന്റെ കൺസൾട്ടൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. പെർത്തിൽ ഓസ്‌ട്രേലിയയിലെ ലേബർ പാർട്ടിയിൽ ചേർന്നാണ് വരുൺ ഘോഷി തന്റെ രാഷ്‌ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്.വെസ്റ്റേൺ ഓസ്‌ട്രേലിയയിലും അന്താരാഷ്‌ട്ര തലത്തിലും ലോകബാങ്കുമായി നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായും ഘോഷ് പ്രവർത്തിച്ചിട്ടുണ്ട്.
നിയമത്തിലുള്ള പാണ്ഡിത്യവും അഭിഭാഷകവൃത്തിയും അദ്ദേഹം പൊതുജനങ്ങൾക്കായി ഉപയോഗപ്പെടുത്തി. ഇതോടെയാണ് അദ്ദേഹം ജനപ്രിയ നേതാവായി മാറിയത്. 2019-ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്ന് ലേബർ പാർട്ടിയുടെ സെനറ്റ് അംഗമായി മത്സരിച്ചിരുന്നെങ്കിലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇതിന് ശേഷമാണ് അദ്ദേഹം അന്താരാഷ്‌ട്ര തലങ്ങളിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന സ്ഥാനങ്ങൾ വഹിച്ചത്.