തമിഴ്‌നാട്ടില്‍ നിന്ന് ശ്രീലങ്കയിലേക്ക് യാത്രാക്കപ്പല്‍ വീണ്ടും; ചൊവ്വാഴ്ച സര്‍വീസ് തുടങ്ങും

12 വർഷത്തെ ആസൂത്രണത്തിനും കരാറിനും ശേഷമാണ് ചൊവ്വാഴ്ച സർവീസ് പുനരാരംഭിക്കുന്നത്. നാഗപട്ടണത്തിനും വടക്കൻ ശ്രീലങ്കൻ തലസ്ഥാനമായ ജാഫ്നയിലെ കാങ്കേശന്തുറയ്ക്കും ഇടയിലാണ് ചെറുകപ്പൽ സർവീസ് നടത്തുക.

author-image
Greeshma Rakesh
New Update
തമിഴ്‌നാട്ടില്‍ നിന്ന് ശ്രീലങ്കയിലേക്ക് യാത്രാക്കപ്പല്‍ വീണ്ടും; ചൊവ്വാഴ്ച സര്‍വീസ് തുടങ്ങും

ചെന്നൈ: തമിഴ്നാടിനും ശ്രീലങ്കയ്ക്കുമിടയിലുള്ള യാത്രാക്കപ്പൽ സർവീസ് പുനരാരംഭിക്കും. 12 വർഷത്തെ ആസൂത്രണത്തിനും കരാറിനും ശേഷമാണ് ചൊവ്വാഴ്ച സർവീസ് പുനരാരംഭിക്കുന്നത്. നാഗപട്ടണത്തിനും വടക്കൻ ശ്രീലങ്കൻ തലസ്ഥാനമായ ജാഫ്നയിലെ കാങ്കേശന്തുറയ്ക്കും ഇടയിലാണ് ചെറുകപ്പൽ സർവീസ് നടത്തുക.

കൊച്ചി കപ്പൽ നിർമാണശാലയിൽനിന്നാണ് ചെറുകപ്പൽ പുറത്തിറക്കിയത്.പൂർണമായും ശീതീകരിച്ച ഇതിൽ 150 പേർക്ക് യാത്ര ചെയ്യാനാവും. 60 നോട്ടിക്കൽ മൈൽ താണ്ടാൻ ഏകദേശം മൂന്നുമണിക്കൂറെടുക്കും. ക്യാപ്റ്റൻ ബിജു ബി. ജോർജിന്റെ നേതൃത്വത്തിൽ 14 പേരടങ്ങുന്ന സംഘം കപ്പലിൽ ഞായറാഴ്ച പരീക്ഷണയാത്ര നടത്തിയിരുന്നു.

ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾക്ക് ഒരേസമയം കുറഞ്ഞ ചെലവിൽ യാത്രചെയ്യാനും ചരിത്രപരമായ ബന്ധം അടുത്തറിയാനും കപ്പൽയാത്ര അവസരമൊരുക്കുമെന്ന് സർവീസിന് നേതൃത്വം നൽകുന്ന ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പറഞ്ഞു.

നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി.എസ്.ടി. ഉൾപ്പെടെ ഒരാൾക്ക് 7670 രൂപയാണ് നിരക്ക്. മാത്രമല്ല 40 കിലോ സൗജന്യ ബാഗേജ് അനുവദിക്കും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെർമിനലിൽ പാസ്പോർട്ടും വിസയും ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

രാമേശ്വരത്തിനും വടക്കൻ ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയിലുള്ള കപ്പൽ സർവീസ് 1982-ൽ ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു. പിന്നീട് രണ്ടാം യു.പി.എ. സർക്കാർ തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയിൽ കപ്പൽ സർവീസ് ആരംഭിച്ചെങ്കിലും അഞ്ചുമാസത്തിനകം നിർത്തി.

india CHENNAI sri lanka ferry service