ന്യൂഡല്‍ഹി : രാജ്യത്തെ 1,300 പോലീസ് സ്റ്റേഷനുകളില്‍ 'ഡിഎന്‍എ, ഫെയ്സ് മാച്ചിംഗ്' സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തനൊരുങ്ങി കേന്ദ്രം. ക്രിമിനല്‍ പ്രൊസീജിയര്‍ ഐഡന്റിഫിക്കേഷന്‍ ആക്ട്, പാര്‍ലമെന്റ് പാസാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് കേന്ദ്രത്തിന്റെ നടപടി.
അറസ്റ്റ് ചെയ്ത വ്യക്തികളുടെ കണ്ണിന്റെ കൃഷ്ണമണി, റെറ്റിന സ്‌കാനുകള്‍ ഉള്‍പ്പെടെയുള്ള ശരീരിക, ജൈവീക സാമ്പിളുകള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും പോലീസിനെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും പ്രാപ്തമാക്കുന്നതാണ് നിയമം.
തടവുകാരുടെ വിരലടയാളങ്ങള്‍, കാല്‍പ്പാടുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയും സൂക്ഷിക്കാനാകും.
2022 ഏപ്രിലില്‍ പാര്‍ലമെന്റില്‍ ഈ നിയമം പാസാക്കുകയും, സെപ്റ്റംബറില്‍ വിജ്ഞാപനം ചെയ്യുകയും ചെയതിരുന്നു.നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ ആയിരുന്നു നിയമം നടപ്പിലാക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) നിര്‍മ്മിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്.
സംസ്ഥാനങ്ങളുടെ പോലീസ് സേനയില്‍ നിന്നും കേന്ദ്ര നിയമ നിര്‍വ്വഹണ ഏജന്‍സികളില്‍ നിന്നുമുള്ള പ്രതിനിധികളുമായി ഒരു മെയിന്‍ കമ്മിറ്റിയും ദേശീയ ആഭ്യന്തര മന്ത്രാലയം ഇതിനായി രൂപീകരിച്ചിരുന്നു.ഡിഎന്‍എ ശേഖരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ തയ്യാറാക്കുന്നതിനായി വിദഗ്ധരുടെ ഒരു ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.
എന്‍സിആര്‍ബി നിര്‍ദേശ പ്രകാരം മെഷര്‍മെന്റ് കളക്ഷന്‍ യൂണിറ്റ് (എംസിയു) സ്ഥാപിക്കാനുള്ള സ്ഥലങ്ങള്‍ തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോഡിയായിരിക്കും ഡാറ്റാബേസിന്റെ പ്രധാന കേന്ദ്രം.
കുറ്റാരോപിതരുടെ വിരലടയാളങ്ങളും ചിത്രങ്ങളും, നാഷണല്‍ ഓട്ടോമേറ്റഡ് ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (എന്‍എഎഫ്ഐഎസ്) ഉപയോഗിച്ച് രേഖപ്പെടുത്തുന്നുണ്ടെന്ന് ഡല്‍ഹി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. എന്‍സിആര്‍ബി നിയന്ത്രിക്കുന്ന എന്‍എഎഫ്ഐഎസിന് കീഴില്‍,രാജ്യത്തുടനീളമുള്ള ഒരു കോടിയിലധികം കുറ്റാരോപിതരുടെയും കുറ്റവാളികളുടെയും, വിരലടയാളങ്ങളും വിശദാംശങ്ങളുമുണ്ട്.
ഇതിന്റെ വര്‍ക്ക് സ്റ്റേഷനുകളും സ്‌കാനറുകളും 1,300 പോലീസ് സ്റ്റേഷനുകളിലായി സ്ഥാപിച്ചിട്ടുണ്ട്. ഈ ഡാറ്റാബേസും ക്രിമിനല്‍ ഐഡന്റിഫിക്കേഷന്‍ പ്രോസീജിയറുമായി സംയോജിപ്പിച്ചിരിക്കുകയാണ്.
100 വര്‍ഷം പഴക്കമുള്ള ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്സ് ആക്ട്, 1920 നെയാണ് പുതിയ നിയമം മാറ്റിസ്ഥാപിച്ചത്. ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്സ് ആക്ട്, 1920 പ്രകാരം
കുറ്റവാളികളായ തടവുകാരുടെ വിരലടയാളങ്ങള്‍, കാല്‍പ്പാടുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയും മജിസ്ട്രേറ്റിന്റെ ഉത്തരവോടുകൂടി മാത്രമേ ശേഖരിക്കാനാകൂ.
ഡാറ്റാബേസുകളുടെ ദുരുപയോഗത്തിനെതിരെയും എന്‍സിആര്‍ബി മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. സുരക്ഷാ സംവിധാനം ഉറപ്പാക്കിയ ശേഷം നിയുക്ത ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ സംവിധാനത്തില്‍ ആക്‌സസ് ഉണ്ടായിരിക്കൂ എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ഹാര്‍ഡ്വെയറിന്റെയും മറ്റും ചെലവുകള്‍ ആഭ്യന്തര മന്ത്രാലയം വഹിക്കുമെങ്കിലും ഇന്റര്‍നെറ്റ് ലൈനിന്റെയും മറ്റ് പ്രവര്‍ത്തനച്ചെലവുകളും സംസ്ഥാനം വഹിക്കേണ്ടിവരുമെന്നത്, പോലീസിന് ഫണ്ട് കുറവായതിനാല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.പോലീസ് ഉപയോഗിക്കുന്ന ഉപകരണങ്ങളും സംവിധാനങ്ങളും അംഗീകൃതവും കൃത്യതയുള്ളതും ആയിരിക്കണമെന്നാണ് എന്‍സിആര്‍ബി നിര്‍ദേശം.
പദ്ധതിയുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക്, കണക്റ്റിവിറ്റി പ്രശ്‌നങ്ങളും ഉണ്ടെന്നും അധികൃതര്‍ പറയുന്നു.2022 മാര്‍ച്ചില്‍ ഈ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തിരുന്നു. ബില്ല് ഭരണഘടനാ വിരുദ്ധവും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തത്.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">