തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ)യുടെ ഡെലിഗേറ്റ് പാസുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തുന്നതോടെ പാസ് നിരക്ക് നിലവിലെ 1000 രൂപയിൽ നിന്ന് 1200 രൂപയായി ഉയരും. അതെസമയം വിദ്യാർഥികൾക്കുള്ള നിരക്ക് 500ൽ നിന്ന് 600 ആകും.18 % ആണ് ജിഎസ്ടി. കേരള ചലച്ചിത്രമേളയ്ക്ക് ഇതുവരെ ജിഎസ്ടി ഈടാക്കിയിരുന്നില്ല.
ഡെലിഗേറ്റുകൾക്ക് നൽകുന്ന കിറ്റിന്റെയും മറ്റും വിലയായി 1000 രൂപ ഈടാക്കുന്നതാണ് ചലച്ചിത്ര അക്കാദമിയുടെ രീതി.അതിനാൽ ഡെലിഗേറ്റുകളിൽ നിന്നും ജിഎസ്ടി വാങ്ങിയിരുന്നില്ല. എന്നാൽ ഇനിമുതൽ എല്ലാ ചലച്ചിത്രമേളയ്ക്കും ജിഎസ്ടി വരുമെന്നാണ് വിവരം.
അങ്ങനെ വന്നാൽ ഫിലിം സൊസൈറ്റകളെയും ഇത് ബാധിക്കും.അതെസമയം അക്കാദമി നടത്തുന്ന പ്രാദേശിക ചലച്ചിത്രമേളകളിൽ 150 മുതൽ 500 രൂപ വരെയാണ് ഡെല്ഗേറ്റ് ഫീസ് ഈടാക്കുന്നത്. എന്നാൽ ജ്എസ്ടി ഏർപ്പെടുത്തുന്നതോടെ ഈ നിരക്കിലും വർധനവുണ്ടാകും.
എന്തുകൊണ്ടാണ് ഇതുവരെ ജിഎസ്ടി അടയ്ക്കാത്തതെന്നും, ഇതുവരെയുള്ള കുടിശ്ശിക അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമിയ്ക്ക് രണ്ടുതവണ നോട്ടീസ് ലഭിച്ചിരുന്നു. സാംസ്കാരിക പരിപാടിയായതിനാലാണ് ജിഎസ്ടി ഈടാക്കാത്തതെന്ന അക്കാദമിയുടെ വിശദീകരണം ഇതുവരെ ജിഎസ്ടി വകുപ്പ് അംഗീകരിച്ചിട്ടില്ല.നിലവിൽ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റ് പാസിനു ജിഎസ്ടി ചുമത്തുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സിനിമയോടുള്ള ഐഎഫ്എഫ്‌കെയ്ക്ക് എത്തുന്നുണ്ട്. ഇത് കലാപരമായ ആവിഷ്കാരത്തെയും ചലച്ചിത്രനിർമ്മാണ കലയെയും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, ജിഎസ്ടി മൂലം ഡെലിഗേറ്റ് ഫീസ് വർധിപ്പിച്ചത് നിരവധി സിനിമാ പ്രേമികളെയടക്കെ നിരാശരാക്കിയിട്ടുണ്ട്.