'ഇന്ത്യ-പാക് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കശ്മീർ മറ്റൊരു ഗാസയായി മാറും'; മുന്നറിപ്പുമായി ഫാറൂഖ് അബ്ദുല്ല

ഇന്ത്യ-പാക് ചർച്ച ഇനിയും പുനഃരാരംഭിച്ചിട്ടില്ലെങ്കിൽ, ​ഗാസയുടെ അതേ അവസ്ഥ കശ്മീരിനുണ്ടാകുമെന്നും ഫാറൂഖ് അബ്ദുല്ല മുന്നറിയിപ്പ് നൽകി.

author-image
Greeshma Rakesh
New Update
'ഇന്ത്യ-പാക് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കശ്മീർ മറ്റൊരു ഗാസയായി മാറും'; മുന്നറിപ്പുമായി ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ: ഇന്ത്യ-പാക് തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് വിമർശിച്ച് നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. ഇന്ത്യ-പാക് ചർച്ച ഇനിയും പുനഃരാരംഭിച്ചിട്ടില്ലെങ്കിൽ, ഗാസയുടെ അതേ അവസ്ഥ കശ്മീരിനുണ്ടാകുമെന്നും ഫാറൂഖ് അബ്ദുല്ല മുന്നറിയിപ്പ് നൽകി.

മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇന്ത്യ-പാക് ബന്ധത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേ പറഞ്ഞ വാക്കുകളും ഫാറൂഖ് അബ്ദുല്ല പരാമർശിച്ചു. നമുക്ക് നമ്മുടെ സുഹൃത്തുക്കളെ മാറ്റാൻ സാധിക്കും, എന്നാൽ അയൽക്കാരെ മാറ്റാൻ സാധിക്കില്ല. അയൽരാജ്യങ്ങളുമായി സൗഹൃദബന്ധം സൂക്ഷിച്ചാൽ പുരോഗതി കൈവരും. എന്നായിരുന്നു വാജ്പേയി വാക്കുകൾ.

''യുദ്ധം ഒരു മാർഗമല്ല എന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ് പറഞ്ഞത് അതുതന്നെ. ചർച്ചക്കു ഞങ്ങൾ തയാറാണെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും അവർ ചർച്ചക്ക് തയാറാകാത്തത് എന്തുകൊണ്ടാണ്?-അദ്ദേഹം ചോദിച്ചു. ചർച്ചകളിലൂടെ പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ ഗാസയിലെ അതേ ഗതിയാകും കശ്മീരിന്...ഞങ്ങൾ ഫലസ്തീനികളെ പോലെയും''. -ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.

jammu kashmir gaza farooq abdullah india-pak dispute