ന്യൂഡല്‍ഹി: ഐസിഎംആര്‍ വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നാല് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡാറ്റ ബാങ്കില്‍ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിലാണ് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി നാല് പേരെ അറസ്റ്റ് ചെയ്തത്.
വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക് വച്ചിരിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് ഡല്‍ഹി പൊലീസിന്റെ സുപ്രധാന നടപടി. ഒഡിഷയില്‍ നിന്നുള്ള ഒരു എഞ്ചിനീയറിംഗ് ബിരുദധാരി, രണ്ട് ഹരിയാന സ്വദേശികള്‍, ഒരു ഝാന്‍സി സ്വദേശി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
നാല് പേരും ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോം വഴി മൂന്ന് വര്‍ഷം മുമ്പാണ് പരിചയത്തിലായത്. എളുപ്പത്തില്‍ പണം സമ്പാദിക്കാനാണ് ഈ കുറ്റകൃത്യം നടത്തിയത്. വിവര ചോര്‍ച്ച സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. സൈബര്‍ സുരക്ഷ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന നോഡല്‍ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് ചോര്‍ച്ച നടന്നത് കണ്ടെത്തിയത്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ), പാക്കിസ്ഥാന്‍ കംപ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ് (സിഎന്‍ഐസി) എന്നിവയുടെ വിവരങ്ങളും ചോര്‍ത്തിയെന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായതായി ഡല്‍ഹി പൊലീസ് അറിയിച്ചു.