ന്യൂഡല്‍ഹി: കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവും ഐബിഎം ഇന്ത്യയും സെമികണ്ടക്ടര്‍, നിര്‍മ്മിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ് മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയില്‍ ഒപ്പിട്ടു.
'ഇലക്ട്രോണിക്‌സ് മേഖലയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു ദിനമാണിന്നെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇലക്ട്രോണിക്‌സ് വികസനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന മൂന്ന് മേഖലയിലും ഏറെ മുന്നോട്ട് പോകുന്നതിന് ധാരണകള്‍ കരുത്ത് പകരും. ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയില്‍ നടന്നു വരുന്ന കാതലായ മാറ്റങ്ങള്‍ക്ക് വേഗമേറ്റാന്‍ ധാരണാപത്രങ്ങള്‍ വഴി തെളിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്വാണ്ടം കമ്പ്യൂട്ടിങ് മേഖലയില്‍ ആവശ്യമായ തൊഴില്‍ സേനയെ പ്രാപ്തമാക്കുന്നതിനും ഈ രംഗത്തെ വ്യവസായങ്ങളുടെ വികസനത്തിനും ഗവേഷണത്തിനും ധാരണാപത്രം സഹായകമാവും.
ഐടി രംഗത്തെ വളര്‍ന്നു കൊണ്ടിരിക്കുന്ന മേഖലകളില്‍ ഇരു കൂട്ടരും തമ്മിലുള്ള സഹായത്തിനും പരസ്പര സഹകരണത്തിനുമുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നതിന് ഇത് വഴി തെളിക്കും. നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ട നൈപുണ്യ വികസനവും ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഒരു എഐ ഇന്നൊവേഷന്‍ പ്ലാറ്റ്ഫോം സ്ഥാപിക്കാന്‍ ഇന്ത്യ എഐയും ഐബിഎമ്മും സഹകരിക്കും.
ഇന്ത്യയിലെ അര്‍ദ്ധചാലക ഗവേഷണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുദ്ദേശിച്ചാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയത്തിന് കീഴിലെ ഇന്ത്യ സെമികണ്ടക്ടര്‍ മിഷനും ഐബിഎം ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചത്. നൈപുണ്യ വികസനം, ചിപ്പ് ഡിസൈന്‍ , നിക്ഷേപങ്ങള്‍ എന്നീ മേഖലകളിലെ സഹകരണത്തിനും ധാരണാപത്രം വഴി തെളിക്കും.
സെമി കണ്ടക്ടര്‍ രംഗത്ത് വിശാലമായ നൈപുണ്യ അടിത്തറ കെട്ടിപ്പടുക്കുന്നതിനായി രാജ്യത്തെ വിവിധ ലബോറട്ടറികളിലേക്കും ഗവേഷണ കേന്ദ്രങ്ങളിലേക്കും പ്രവേശനം നല്‍കിയും ഇന്റേണ്‍ഷിപ്പ്, ഫെലോഷിപ്പ് പദ്ധതികള്‍ സ്ഥാപിച്ചും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും യുവ പ്രൊഫഷണലുകളെയും പ്രാപ്തരാക്കുന്നതിനു ധാരണാപത്രം ലക്ഷ്യമിടുന്നു.
സര്‍വ്വകലാശാലകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുമായി സഹകരിച്ച് തദ്ദേശീയ അര്‍ദ്ധചാലക ഫാബുകളുടെ നിര്‍മ്മാണവും പ്രോട്ടോടൈപ്പ് ചെയ്ത് ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യതയുള്ള ചിപ്പ് ഡിസൈന്‍ ചെയ്യുന്നതും ധാരണയില്‍പ്പെടുന്നു.
കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറി എസ്. കൃഷ്ണന്‍, ഐബിഎം ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സന്ദിപ് പട്ടേല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇലക്ട്രോണിക്‌സ് മന്ത്രാലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">