തിരുവനന്തപുരം: ഹോട്ടലുകളില്‍ നിന്നും പാഴ്‌സല്‍ വാങ്ങാന്‍ പാത്രവുമായി വന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കും. 5 മുതല്‍ 10 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് നല്‍കുക. ഗുണനിലവാരം കുറഞ്ഞ പാക്കേജിംഗ് സാമഗ്രികള്‍ ഒഴിവാക്കുന്നതിനും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗം തടയുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ഹോട്ടല്‍ ഉടമകള്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
സംസ്ഥാനത്ത് ഹോട്ടലുകളില്‍ ആഹാരം പാഴ്‌സല്‍ നല്‍കുന്നതിന് ഉപയോഗിക്കുന്ന പാക്കേജിംഗ് സാമഗ്രികള്‍ ഫുഡ് ഗ്രേഡ് അല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി കേരളയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിഷ സംയുക്തങ്ങള്‍ ഗ്രേഡ് അല്ലാത്ത വിലകുറഞ്ഞ പ്ലാസ്റ്റിക്ക് വഴി ഭക്ഷണത്തിലേക്ക് പകരാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പാക്കേജിംഗ്) റെഗുലേഷന്‍സ് 2018 സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പദ്ധതിയിടുന്നു. ചട്ടം അനുസരിച്ച്, ഓരോ ഫുഡ് ബിസിനസ്സ് ഓപ്പറേറ്ററും ഉപയോഗിക്കുന്ന പാക്കേജിംഗ് സാമഗ്രികള്‍ ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ അല്ലെങ്കില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമാണെന്ന് ഉറപ്പാക്കണം.
കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്റെ (കെഎച്ച്ആര്‍എ) കീഴില്‍ ഏകദേശം 60,000 ഹോട്ടലുകളും റെസ്റ്റോറന്റുകളുമാണ് കേറളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താവ് ഭക്ഷണത്തിന് സ്വന്തം പാത്രങ്ങള്‍ കൊണ്ടുവന്നാല്‍ ബില്ലില്‍ 5 മുതല്‍ 10 ശതമാനം വരെ കിഴിവ് നല്‍കാന്‍ റെസ്റ്റോറന്റുകളും ഹോട്ടലുകളും തീരുമാനിച്ചതായി കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) പ്രസിഡന്റ് ജി ജയപാല്‍ പറഞ്ഞു.
ഹോട്ടല്‍ ഉടമകള്‍ ഉപയോഗിക്കുന്ന പാക്കേജിംഗ് സാമഗ്രികളുടെ ഗുണനിലവാരം ഫുഡ് ഗ്രേഡ് അല്ലെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി. ഫുഡ്-ഗ്രേഡ് പാക്കേജിംഗ് മെറ്റീരിയല്‍ വളരെ ചെലവേറിയതാണ്. അതിനാല്‍ പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പാഴ്സലുകള്‍ ലഭിക്കുന്നതിന് വീട്ടില്‍ നിന്ന് പാത്രങ്ങള്‍ കൊണ്ടുവരാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് കിഴിവ് നല്‍കാനും തങ്ങള്‍ തീരുമാനിച്ചെന്നും ജയപാല്‍ പറഞ്ഞു.
ഭാവിയില്‍ പുനരുപയോഗിക്കാവുന്ന ഈടുനില്‍ക്കുന്ന കണ്ടെയ്നറുകള്‍ കൊണ്ടുവരാന്‍ കമ്മീഷണറേറ്റ് ഫുഡ് ബിസിനസ്സ് നടത്തിപ്പുകാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോക്താവില്‍ നിന്ന് നാമമാത്രമായ ഫീസ് ഈടാക്കി പാത്രങ്ങള്‍ നല്‍കാനാണ് പദ്ധതി. സംസ്ഥാനത്തുടനീളമുള്ള ഏതെങ്കിലും റെസ്റ്റോറന്റുകള്‍ സ്വീകരിക്കുന്ന കണ്ടെയ്‌നറുകള്‍ തിരികെ നല്‍കുമ്പോള്‍ തുക തിരികെ നല്‍കും.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കി ഇത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനാകും. നാലോ അഞ്ചോ തരം മോടിയുള്ളതും പുനരുപയോഗിക്കാവുന്നതുമായ കണ്ടെയ്നറുകള്‍ കൊണ്ടുവരാന്‍ കമ്മിഷണറേറ്റ് കെഎച്ച്ആര്‍എയോട് ആവശ്യപ്പെട്ടിട്ടുണ്ട്.