ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു. ഹിമാചലിൽ കോൺഗ്രസ് സർക്കാർ അഞ്ചുവർഷം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.ആരും രാജി ആവശ്യപ്പെട്ടിട്ടില്ല, ആർക്കും രാജിക്കത്ത് നൽകിയിട്ടില്ലെന്നും സുഖു മാധ്യമപ്രവർത്തകരോട് പറഞ്ഞു.താനൊരു പോരാളിയാണ്, പോരാട്ടം തുടരും.രാജ്യസഭയിലെ ഭൂരിപക്ഷം തെളിയിക്കുമെന്നും സുഖു പറഞ്ഞു. അതേസമയം, കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് ബിജെപി നേതാവ് ജയറാം താക്കൂർ അവകാശപ്പെട്ടു.
ഹിമാചലിൽ രാഷ്ട്രീയനാടകം തുടരുകയാണ്. ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഹർഷ് മഹാജനും കോൺഗ്രസിൻ്റെ അഭിഷേക് സിംഗ്വിക്കും 34 വോട്ടുകൾ വീതമാണ് ലഭിച്ചത്. നറുക്കെടുപ്പിൽ ഹർഷ് മഹാജൻ വിജയിച്ചു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. 6 കോൺഗ്രസ് അംഗങ്ങളും 3 സ്വതന്ത്രരും ബിജെപിക്ക് വോട്ടു ചെയ്തതോടെയാണ് കോൺഗ്രസ് പ്രതിസന്ധിയിലായത്.
68 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 35 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ 34 എംഎൽഎമാർ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. കോൺഗ്രസിന്റെ ആറ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപി സ്ഥാനാർഥിക്ക് 34 വോട്ട് ലഭിച്ചു.
ഹിമാചൽ പ്രദേശിൽ ബിജെപിക്ക് 25 എംഎൽഎമാരാണുള്ളത്. കോൺഗ്രസിന് 40 എംഎൽഎമാരും ആണുള്ളത്. ഉത്തരേന്ത്യയിൽ കോൺഗ്രസ് ഭരണം ഉള്ള ഏക സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്.ഹിമാചൽ പിടിച്ചെടുക്കുന്നതോടെ ഉത്തരേന്ത്യയെ കോൺഗ്രസ് വിമുക്തമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.
ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർക്ക് കോൺഗ്രസ് ഷോക്കോസ് നോട്ടീസ് അയച്ചിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് മറുപടി നൽകണമെന്നായിരുന്നു ആവശ്യം. കൂറു മാറിയാൽ എംഎൽഎമാരെ അയോഗ്യരാക്കും എന്നാണ് സൂചന. ഇതിനിടെ മന്ത്രി വിക്രമാദിത്യ സിംഗ് രാജിവെക്കുകയും സുഖ്‌വിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൂറ് മാറിയ എംഎൽഎമാരിൽ മൂന്ന് പേരും മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടു. ഭുപിന്ദർ സിംഗ് ഹൂഢയും ഡി കെ ശിവകുമാറും കൂറുമാറിയ കോൺഗ്രസ് എംഎൽഎമാരുമായി ആശയവിനിമയം നടത്തിയെങ്കിലും ഇത് ഫലംകണ്ടില്ലെന്നാണ് വിവരം. അനുനയ നീക്കവുമായി പ്രിയങ്ക ഗാന്ധിയും ഹിമാചൽ പ്രദേശിൽ എത്തിയിരുന്നു. ഇതിനിടെയാണ് രാജിവെക്കില്ലെന്ന സുഖ്‌വിന്ദർ സുഖുവിൻ്റെ പ്രഖ്യാപനം. ഇതോടെ ഹിമാചലിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും.
അതെസമയം 15 ബിജെപി എംഎൽഎമാരെ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ ബുധനാഴ്ച സസ്പെൻഡ് ചെയ്തു. സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂറും സംഘവും ഗവർണറെ കണ്ടതിനു പിന്നാലെയാണ് അപ്രതീക്ഷിത നടപടി.രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്.