ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്; വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇ.ഡി

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈ റിച്ച് തട്ടിപ്പെന്ന് ഇ.ഡി.മെമ്പർഷിപ്പ് ഫീ എന്ന പേരിൽ 1157 കോടി രൂപയാണ് പ്രതികൾ തട്ടിയത്

author-image
Greeshma Rakesh
New Update
ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്; വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇ.ഡി

കൊച്ചി: കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈ റിച്ച് തട്ടിപ്പെന്ന് ഇ.ഡി.മെമ്പർഷിപ്പ് ഫീ എന്ന പേരിൽ 1157 കോടി രൂപയാണ് പ്രതികൾ തട്ടിയത്.പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളുണ്ട്.

പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇ.ഡി ചൂണ്ടികാട്ടിയത്.

വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളിൽനിന്ന് കോടികളാണ് സമാഹരിച്ചത്.ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളിലുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ 212 കോടിയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചിരുന്നു.

ഇത് തട്ടിപ്പിലൂടെയുണ്ടാക്കിയ പണമാണെന്നും പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്തുകൊണ്ട് ഇ.ഡി, കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ്‌, ഇരിങ്ങാലക്കുട, ചിറ്റൂർ, ചേർപ്പ് സുൽത്താൻബത്തേരി, എറണാകുളം സൗത്ത് അടക്കമുള്ള പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ 19 കേസുകൾ ഉണ്ടെന്നും ഇ.ഡി അറിയിച്ചു.

നിരവധി നിക്ഷേപരിൽ നിന്നും ഹൈ റിച്ച് ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെടുത്ത കോടികൾ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇ.ഡി അന്വേഷണം.

എന്നാൽ ഈ അന്വേഷണം ചെന്നെത്തിയത് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിലേയ്ക്കാണ്.കേരളത്തിന് പുറത്തും വലിയ തട്ടിപ്പ് നടന്നിട്ടുള്ളതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡിയുടെ ആവശ്യം.

kerala enforcement directorate Highrich scam high rich fraud case