കൊച്ചി: തന്നെ ജാതീയവും വംശീയവുമായി അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ചതെന്ന് കാട്ടി ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനെതിരെ കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. പരാതിയില്‍ പുത്തിന്‍കുരിശ് പൊലീസ് പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം അനുസരിച്ചാണ് സാബു എം.ജേക്കബിനെതിരെ കേസെടുത്തിരുന്നത്. ഈ എഫ്‌ഐആര്‍ റദ്ദാക്കണം എന്നായിരുന്നു സാബു എം.ജേക്കബിന്റെ ആവശ്യം.
സാബു എം ജേക്കബും ശ്രീനിജിനും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സാബു എം.ജേക്കബിനെ ഏതു വിധേനെയും അറസ്റ്റ് ചെയ്യിക്കാനാണ് ശ്രീനിജന്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്.
ട്വന്റി20 പാര്‍ട്ടി ജനുവരി 21ന് കോലഞ്ചേരിയില്‍ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം തടയാന്‍ ശ്രീനിജിന്‍ ശ്രമിച്ചെന്നും എന്നാല്‍ സമ്മേളനം നടത്താന്‍ ജനുവരി 19ന് ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നുവെന്നും സാബു എം.ജേക്കബിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇതിന്റെ വിരോധം തീര്‍ക്കാനാണ് തന്റെ കക്ഷിക്കെതിരെ പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ വാദിച്ചു.