ചെന്നൈ: തുടർച്ചയായ അഞ്ചാം ദിവസവും തമിഴ്നാട്ടില്‍ മഴശക്തം.തലസ്ഥാന നഗരമായ ചെന്നൈയിൽ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നീലഗിരി റെയില്‍പ്പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.
മഴ ശക്തമായതിനു പിന്നാലെ തമിഴിനാട്ടിലെ ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.തിരുനെൽവേലി, തെങ്കാശി, തേനി, തൂത്തുക്കുടി, കന്യാകുമാരി, പുതുക്കോട്ടൈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മേട്ടുപ്പാളയത്ത് 373 എംഎം മഴ ലഭിച്ചതായാണ് റിപ്പോർട്ട്. ഇതു റെക്കോർഡ് മഴയാണെന്ന് തമിഴ്നാട് വെതർമാൻ എന്ന എക്സ് പ്ലാറ്റ്ഫോം പേജ് പറയുന്നു.ഇത് മേട്ടുപ്പാളയം – കൂനൂർ – കോട്ടഗിരി റോഡിനെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.അടുത്ത അഞ്ച് ദിവസത്തേക്ക് തമിഴ്നാട്ടിൽ പരക്കെയും പുതുച്ചേരി, കരൈക്കൽ എന്നിവിടങ്ങളിൽ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.