തിരുവനന്തപുരം: കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ള തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2023 ഒക്ടോബര്‍ 16 തിങ്കളാഴ്ച കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു.
കനത്ത മഴ ജില്ലയില്‍ വ്യാപക നാശം വിതച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ നീണ്ടു നിന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഗ്രാമീണ മേഖലകളില്‍ വ്യപകമായി കൃഷി നാശമുണ്ടായി. വിവിധ പ്രദേശങ്ങളില്‍ പതിനേഴ് ദുരിതാശ്വാസ ക്യാമ്പുകളും ജില്ലയില്‍ തുറന്നിട്ടുണ്ട്.
അടിയന്തര സാഹചര്യം പരിഗണിച്ച് മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ സഹായങ്ങള്‍ എത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ക്യാപുകളുള്ള സ്‌കൂളുകളില്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
മണിക്കൂറുകള്‍ നീണ്ടുനിന്ന ശക്തമായ മഴയില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വെള്ളം കയറി, ടെക്‌മോപാര്‍ക്കിന് സമീപമുള്ള തെറ്റിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കരമനയാറ്റില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ ഉയര്‍ത്തി. തലസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങള്‍ റവന്യുമന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു.