പനിച്ച് വിറങ്ങലിച്ച് തലസ്ഥാനം; ആശങ്കയായി കനത്ത മഴ

ബുധനാഴ്ച രാത്രിയോടെ വെള്ളം ഇറങ്ങിയെങ്കിലും ഇപ്പോഴും വീടുകളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. നവജാതശിശുക്കളും കിടപ്പുരോഗികളും ഉള്‍പ്പെടെയുള്ള വീടുകളിലാണ് ഈ ദുരിതാവസ്ഥ.

author-image
Greeshma Rakesh
New Update
പനിച്ച് വിറങ്ങലിച്ച് തലസ്ഥാനം; ആശങ്കയായി കനത്ത മഴ

തിരുവനന്തപുരം: തലസ്ഥാനം പനിച്ച് വിറങ്ങലിച്ച് നില്‍ക്കുന്നതിനിടയില്‍ ഇടിത്തീയായി കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴ. നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ പകര്‍ച്ചവ്യാധി ഭീതിയിലാണ് നഗരവാസികള്‍. തിരുവനന്തപുരം നഗരസഭ പരിധിയിലാണ് ഏറ്റവും കൂടുതലായി ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെയാണ് കനത്ത മഴയുടെ വരവും.

ഇതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചു. കഴിഞ്ഞ ദിവസത്തെ മഴയില്‍ പല വീടുകളിലും വെള്ളം കയറിയിരുന്നു. ബുധനാഴ്ച രാത്രിയോടെ വെള്ളം ഇറങ്ങിയെങ്കിലും ഇപ്പോഴും വീടുകളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. നവജാതശിശുക്കളും കിടപ്പുരോഗികളും ഉള്‍പ്പെടെയുള്ള വീടുകളിലാണ് ഈ ദുരിതാവസ്ഥ. ഈ വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയെങ്കിലും വീടുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം.

 

നിലവില്‍ തലസ്ഥാനത്ത് 21 ദിവസത്തിനുള്ളില്‍സര്‍ക്കാര്‍ ആശുപത്രികളില്‍ പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മരിച്ചത് 44 പേരാണ്. ഇനി സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി വരുമ്പോള്‍ മരണം ഇരട്ടിയോളമാകും. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും അത്ര ചെറുതല്ല. ചൊവ്വാഴ്ചവരെ 3300 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്.

മാത്രമല്ല ഈ മാസം 207 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 20 പേര്‍ മരണത്തിന് കീഴടങ്ങി. ഇവയ്ക്ക് പുറമെ ചെള്ളുപനി 64 പേരെ ബാധിച്ചപ്പോള്‍ അതില്‍ 3 പേര്‍ മരിച്ചു. ഈ കാലയളവില്‍ പനി ബാധിച്ച് ചികിത്സ തേടിയത് 1.66 ലക്ഷം ജനങ്ങളാണ്. എന്നാല്‍ ഇത് സര്‍ക്കാര്‍ ആശുപത്രികളുടെ മാത്രം കണക്കാണ്. ഇതിലേറെ പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. .ഇത്തരത്തില്‍ വിവിധ രോഗങ്ങളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നതിനിടെയാണ് കൂടുതല്‍ ആശങ്ക പരത്തി മഴയുടെ വരവ്.

 

ഒരുമാസത്തിനു ശേഷം രണ്ടാം തവണയാണയും ഒറ്റ രാത്രികൊണ്ട് പെയ്ത മഴയിലാണ് തലസ്ഥാനനഗരം വെള്ളത്തിലായത്. ശക്തമായ മഴയെത്തുടര്‍ന്ന് നദികളിലെ ഒഴുക്ക് കൂടിയതും ആമയിഴഞ്ചാന്‍, ഉള്ളൂര്‍,പട്ടം തോടുകള്‍ കരകവിഞ്ഞതുമാണ് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. നഗരത്തിലെ അഞ്ഞൂറോളം കുടുംബങ്ങളാണ് ദുരിതകയത്തിലായത്. കിടപ്പുരോഗികളും പ്രായമായവരും വീടിനുള്ളില്‍ കുടുങ്ങി. കനത്ത മഴ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

 

തിരുവനന്തപുരം താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പകളിലായി 229 പേരാണ് അഭയം തേടിയിരിക്കുന്നത്. ഇവരുടെ വീടുകള്‍ വാസയോഗ്യമാക്കി മാറ്റാന്‍ ദിവസങ്ങള്‍ വേണ്ടിവരും. ഇവിടെയെല്ലാം മാലിന്യവും ചെളിയും നിറഞ്ഞിരിക്കുകയാണ്.

ദുര്‍ഗന്ധം കാരണം പലവീടുകളുടെ പരിസരത്തേയ്ക്ക് പോലും ചെല്ലാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ ഘട്ടത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുന്നവരും ഏറെയാണ്. ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചാവ്യാധികളും മറ്റു രോഗങ്ങളും ജനങ്ങളെ വേട്ടയാടുമ്പോള്‍ മറുവശത്ത് മഴയും വെള്ളക്കെട്ടും അതുവഴിയുണ്ടാകുന്ന രോഗങ്ങളും ജനങ്ങള്‍ക്ക് പുതിയ വെല്ലുവിളിയാകുന്നു.

 

Thiruvananthapuram dengue fever Kerala rain