ബന്ദിയാക്കിയ പെൺകുട്ടിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്; 'കൊലപാതക ഭീകര സംഘടന'യെന്ന് ഇസ്രയേൽ

വിഡിയോയിൽ കൈയ്ക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ കഴിയുന്നതായാണ് വ്യക്തമാകുന്നത്.തനിക്ക് കൃത്യമായ പരിപാലനം ലഭിക്കുന്നുണ്ടെന്നും എത്രയും വേഗം മാതാപിതാക്കളുടെ അടുത്തേക്ക്, വീട്ടിലെത്താൻ ആഗ്രഹിക്കുന്നുവെന്നും വീഡിയോയിൽ പെൺകുട്ടി പറയുന്നുണ്ട്.

author-image
Greeshma Rakesh
New Update
ബന്ദിയാക്കിയ പെൺകുട്ടിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്; 'കൊലപാതക ഭീകര സംഘടന'യെന്ന് ഇസ്രയേൽ

ന്യൂഡൽഹി: ഇസ്രയേൽ - ഹമാസ് സംഘർഷം തുടരുന്നതിനിടെ ഗാസ മുനമ്പിൽ തടവിലാക്കപ്പെട്ട ഇസ്രയേൽ ബന്ദിയുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹമാസ്. 21 കാരിയായ മിയ സ്കീം എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു സ്ത്രീയുടെ വീഡിയോ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സ് തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്.വിഡിയോയിൽ കൈയ്ക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ കഴിയുന്നതായാണ് വ്യക്തമാകുന്നത്.

തനിക്ക് കൃത്യമായ പരിപാലനം ലഭിക്കുന്നുണ്ടെന്നും എത്രയും വേഗം മാതാപിതാക്കളുടെ അടുത്തേക്ക്, വീട്ടിലെത്താൻ ആഗ്രഹിക്കുന്നുവെന്നും വീഡിയോയിൽ പെൺകുട്ടി പറയുന്നുണ്ട്. കൈ ഒടിഞ്ഞതിനെ തുടർന്ന് ഗാസയിൽ മൂന്ന് മണിക്കൂർ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും എത്രയും വേഗം ഇവിടെ നിന്നു കൊണ്ടു പോകണമെന്നും ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ പെൺകുട്ടി അഭ്യർഥിക്കുന്നുണ്ട്.

ആക്രമണം നടന്ന ദിവസം, കിബ്ബട്ട്‌സ് റെയിമിലെ സൂപ്പർനോവ സുക്കോട്ട് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഹമാസ് സംഘം സമ്മേളനത്തിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 260 ലധികം പേർ കൊല്ലപ്പെടുകയും മിയ ഉൾപ്പെടെയുള്ളവരെ ഹമാസ് ആയുധധാരികൾ ബന്ദികളാക്കുകയും ചെയ്തിരുന്നു.ഇരുന്നൂറോളം പേരെ ബന്ദികളാക്കിയതായാണ് റിപ്പോർട്ട്.

കഴിഞ്ഞയാഴ്ച മിയയെ തട്ടിക്കൊണ്ടുപോയതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചിരുന്നു.തുടർന്ന് ഉദ്യോഗസ്ഥർ മിയയുടെ കുടുംബത്തെ സമീപിച്ചിട്ടുണ്ടെന്നും അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.ഹമാസ് 'കൊലപാതക ഭീകര സംഘടന'യാണെന്നാണ് വീഡിയോക്ക് ഐഡിഎഫ് (ഇസ്രായേൽ പ്രതിരോധ സേന) പ്രതികരിച്ചത്.

' കുട്ടികളടക്കമുള്ളവരെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന തീവ്രവാദ സംഘടനയാണ് ഹമാസ്' എന്നും അവർ തങ്ങളെത്തന്നെ മനുഷ്യത്വമുള്ളവരായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായും' ഐഡിഎഫ് ആരോപിക്കുന്നു. കൂടാതെ, ബന്ദികളെ എത്രയും വേഗം മോചിപ്പിക്കാനുള്ള നടപടികൾ കാര്യമായി നടക്കുന്നുണ്ടെന്നും ഇതിനൊപ്പം അറിയിച്ചിട്ടുണ്ട്.

VIDEO israel hamas israel hamas war deadly music fest attack israeli woman