തെൽ അവിവ് : ഇസ്രായേലുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാറിലേയ്ക്ക് അടുത്തതായി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേ.ഹാനിയയുടെ ഓഫീസ് എഎഫ്‌പിക്ക് അയച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ ഒക്ടോബർ 7ലെ ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കിയവരെ ഉടൻ മോചിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും ഉയർന്നു.ഹമാസ് ബന്ദികളാക്കിയവരിൽ ചെറിയ കുട്ടികളും പ്രായമായവരും ഉൾപ്പെടെ 240 പേരാണുള്ളത്. വളരെകുറച്ച് പേരെ മാത്രമാണ് ഹമാസ് മോചിപ്പിച്ചത്. ഹമാസ് കരാറിന്റെ നിബന്ധനകൾ അംഗീകരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
താൽക്കാലിക കരാറിൽ അഞ്ച് ദിവസത്തെ വെടിനിർത്തലും, തെക്കൻ ഗാസയ്ക്ക് മുകളിലൂടെയുള്ള ഇസ്രായേലി വ്യോമസേനയുടെ പരിധിയിലുള്ള വെടിനിർത്തലും ഉൾപ്പെടുന്നു. കരാർ പ്രകാരം, ഹമാസ് 50 മുതൽ 100 വരെ ഇസ്രായേലി സിവിലിയൻ, വിദേശ ബന്ദികളെ മോചിപ്പിക്കും, എന്നാൽ സൈനിക ഉദ്യോഗസ്ഥരെ മോചിപ്പിക്കില്ല.ഇതിനുപകരമായി,സ്ത്രീകളും കുട്ടികളുമുൾപ്പടെ ഏകദേശം 300 ഫലസ്തീനികളെ ഇസ്രായേലി ജയിലുകളിൽ നിന്ന് മോചിപ്പിക്കാനും കരാറിലുണ്ട്.
അതെസമയം കഴിഞ്ഞ ദിവസം ഖത്തർ മധ്യസ്ഥതയിൽ ബന്ദികളുടെ കൈമാറ്റവും താൽക്കാലിക വെടിനിർത്തലും വ്യവസ്ഥ ചെയ്യുന്ന കരാറിൽ ഇസ്രായേൽ ഒപ്പുവെച്ചതായും ഹമാസിൻറെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും പ്രതികരിച്ചിരുന്നു.
ബന്ദികളുടെ മോചനത്തിനും താൽക്കാലിക വെടിനിർത്തലിനും സാധ്യമായ എല്ലാ നീക്കങ്ങളും തുടരുന്നതായി വൈറ്റ് ഹൗസ് വക്താവും അറിയിച്ചു.ഹനിയയെ കാണാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഖത്തറിലേക്ക് പോയതായി റെഡ് ക്രോസിന്റെ അന്താരാഷ്ട്ര സമിതി തിങ്കളാഴ്ച അറിയിച്ചിരുന്നു.
ഒക്‌ടോബർ 7-ന് ഇസ്രായേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ 1,200-ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമാണിത്.ഹമാസിന്റെ ആക്രമണത്തിന് മറുപടിയായാണ് ഹമാസ് ഭരിക്കുന്ന ഗാസയിൽ ഇസ്രായേൽ നിരന്തരമായ ബോംബാക്രമണവും കര ആക്രമണവും ആരംഭിച്ചത്. ഹമാസ് സർക്കാരിന്റെ കണക്കനുസരിച്ച്, ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ 13,300-ലധികം പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.