ദേവഗൗഡയുടെ പ്രസ്താവന; സിപിഎം പ്രതിരോധത്തില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയാണ് ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിയുമായി സഖ്യം രൂപീകരിച്ചതെന്ന ദേവഗൗഡയുടെ പ്രസ്താവന കേരളത്തിലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. ദേവഗൗഡ പക്ഷം ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ കേരളത്തിലെ പ്രതിപക്ഷം ജനതാദളിന്റെ മന്ത്രിയായ കെ. കൃഷ്ണന്‍കുട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ടായിരുന്നു.

author-image
Web Desk
New Update
ദേവഗൗഡയുടെ പ്രസ്താവന; സിപിഎം പ്രതിരോധത്തില്‍

 

* ഞെട്ടലില്‍ ജനതാദള്‍ കേരള ഘടകവും

* 2006-ന് സമാനമായ സാഹചര്യം

* ദേവഗൗഡയുടെ പ്രസ്താവന ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ

* പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമെന്ന് മുഖ്യമന്ത്രി

ബി.വി. അരുണ്‍ കുമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയാണ് ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിയുമായി സഖ്യം രൂപീകരിച്ചതെന്ന ദേവഗൗഡയുടെ പ്രസ്താവന കേരളത്തിലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. ദേവഗൗഡ പക്ഷം ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ കേരളത്തിലെ പ്രതിപക്ഷം ജനതാദളിന്റെ മന്ത്രിയായ കെ. കൃഷ്ണന്‍കുട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷവുമായി സഹകരിക്കാനാണ് തീരുമാനമെന്നായിരുന്നു ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു.ടി. തോമസിന്റെ നിലപാട്. ഇതോടെ പ്രതിപക്ഷം ഒന്നടങ്ങിയിരിക്കുന്നതിനിടയിലാണ് ദേവഗൗഡയുടെ അപ്രതീക്ഷിത പ്രസ്താവന വന്നത്.

ഇതോടെ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കിടയിലും ഇക്കാര്യം ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ബിജെപിയുമായി മുന്നോട്ടുപോകാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം അറിയിച്ചിട്ടുണ്ടെന്നായിരുന്നു ദേവഗൗഡയുടെ അവകാശവാദം.

അതേസമയം, ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണ്. ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ആ ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഎം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പു സമയത്തും സമാനമായ സാഹചര്യം നിലനിന്നിരുന്നു. അന്ന് സിപിഎം ശക്തമായ നിടപാടാണ് ജനതാദളിനെതിരെ സ്വീകരിച്ചത്. കുമാരസ്വാമി ബിജെപിയുമായി സഖ്യമുണ്ടാക്കിയ സമയത്തായിരുന്നു അത്. വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ മാത്യു.ടി. തോമസ് അംഗമായിരുന്നു. ജനതാദള്‍ ദേശീയ നേതാക്കള്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ സിപിഎം ശക്തമായി എതിര്‍ക്കുകയും ഇത്തരത്തില്‍ മുന്നോട്ടു പോകാനാകില്ലെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പൊതുസമ്മേളനം വിളിച്ച് തങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന നിലപാട് അറിയിക്കുകയായിരുന്നു. ദേവഗൗഡയെ സംസ്ഥാന ജനതാദള്‍ നേതാക്കള്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിപിഎമ്മിന് ദേവഗൗഡയുടെ പ്രസ്താവന ശക്തമായ വിലങ്ങുതടിയാവുകയാണ്. ഇത് എങ്ങനെ പ്രതിരോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവഗൗഡയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ഘടകകക്ഷി നേതാക്കള്‍ക്കിടയിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

അതേസമയം അവസരം പൂര്‍ണ്ണമായി മുതലെടുക്കുകയാണ് യുഡിഎഫ്. ലാവ്ലിന്‍ കേസിലടക്കം ഒത്തു തീര്‍പ്പ് ആരോപണങ്ങളുയര്‍ത്തി പ്രതിപക്ഷം ആഞ്ഞടിക്കുന്നു. ജനതാദള്‍ ദേശീയ നേതൃത്വം ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയ സമയത്തുതന്നെ കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല സിപിഎമ്മുമായി ബിജെപിക്ക് രഹസ്യധാരണയുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. അതൊക്കെ ഇപ്പോള്‍ ശരിയായി വന്നിരിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി കേസുകളില്‍ അന്വേഷണം അവസാനിച്ചത് ബിജെപി ബന്ധത്തെ തുടര്‍ന്നാണ്. ഇന്ത്യ മുന്നണിയില്‍ സിപിഎം പ്രതിനിധിയെ അയക്കാതിരിക്കാന്‍ കേരളാ സിപിഎം ശ്രമിച്ചുവെന്നും സതീശന്‍ ആരോപിച്ചിട്ടുണ്ട്.

നാല് പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തു മാത്രം നിന്നു പാരമ്പര്യമുള്ള കേരളത്തിലെ ഇപ്പോഴത്തെ ജനതാദളിന് ഉള്‍ക്കൊള്ളാനാവുന്നതല്ല പാര്‍ട്ടി അധ്യക്ഷനായ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെയും കര്‍ണാടക നേതാക്കളുടെയും തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയെയും കണ്ട് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി പാര്‍ട്ടിയെ എന്‍ഡിഎയുടെ ഭാഗമാക്കി പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയത് കേരളത്തിലെ ജനതാദള്‍ (എസ്) പ്രവര്‍ത്തകരാണ്. ജെഡിഎസിനു രണ്ട് എംഎല്‍എമാരാണ് കേരളത്തിലുള്ളത്. ഇതില്‍ മാത്യു ടി.തോമസ് പാര്‍ട്ടി അധ്യക്ഷനും കെ.കൃഷ്ണന്‍ കുട്ടി വൈദ്യുതി മന്ത്രിയുമാണ്. ഇരുവരും മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നവരാണ്.

ജെഡിഎസ് ദേശീയ നേതൃത്വം കേരളത്തിലെ ജനതാദളിനെ വെള്ളത്തിലാക്കുന്നത് ഇത് ആദ്യമല്ല. മുന്‍പും ബിജെപിക്കൊപ്പം കര്‍ണാടകത്തില്‍ ജെഡിഎസ് അധികാരം പങ്കിട്ട കാലത്ത് കേരളത്തിലെ ജനതാദള്‍ ഇതേ പ്രതിസന്ധി നേരിട്ടതാണ്. അന്നും കേരളത്തില്‍ പ്രത്യേക വിഭാഗമായി നിന്ന ദള്‍, പിന്നീട് കര്‍ണാടത്തിലെ ബിജെപി ബാന്ധവം അവസാനിപ്പിച്ച ശേഷം മാത്രമാണ് ദേശീയ നേതൃത്വത്തോട് സഹകരിച്ചത്. അക്കാലത്തും കേരളത്തിലെ ഇന്നത്തെ ജനതാദള്‍ പ്രവര്‍ത്തകര്‍ നല്ല പങ്കും ഇടതുമുന്നണിയില്‍ തന്നെ ആയിരുന്നു. എന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന പാരമ്പര്യമാണ് കേരളത്തിലെ ജനതാദള്‍ പ്രവര്‍ത്തകരില്‍ നല്ല പങ്കിനും. 1980 മുതല്‍ ഈ പ്രവര്‍ത്തകര്‍ ഇടതു മുന്നണിക്കൊപ്പമാണ്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ അന്തരിച്ച മുന്‍ എംപി എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പിളര്‍ന്ന് ഡെമോക്രാറ്റിക് ജനതാദളും മറ്റുമായി പോയെങ്കിലും മുതിര്‍ന്ന ഒരു വിഭാഗം കാലങ്ങളായി ഇടതു മുന്നണിക്കൊപ്പം തന്നെയായിരുന്നു.

kerala BJP cpm hd deva gowda pilitics