​ഗോവ കൊലപാതക കേസ്; അമ്മ സുചനയും ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്,കുഞ്ഞിന്റെ പിതാവിനെ ചോദ്യം ചെയ്യും

പ്രതി സുചന മകനെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു.കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
​ഗോവ കൊലപാതക കേസ്; അമ്മ സുചനയും ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്,കുഞ്ഞിന്റെ പിതാവിനെ ചോദ്യം ചെയ്യും

ബെംഗളൂരു: നാലു വയസുകാരനായ മകനെ കൊന്നു ബാഗിലാക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവിനെ പോലീസ് ചോദ്യം ചെയ്യും. പൊലീസിന്റെ നിർദേശ പ്രകാരം മലയാളിയായ വെങ്കിട്ട് രാമൻ ചൊവ്വാഴ്ച ഇന്തോനേഷ്യയിൽനിന്ന് ഇന്ത്യയിൽ എത്തിയിരുന്നു.

പാലക്കാട് സ്വദേശിയാണ് വെങ്കിട്ട്. ജക്കാർത്തയിലാണ് ഇയ്യാൾ ജോലി ചെയ്തിരുന്നത്. ഇന്ത്യയിലെത്തിയ വെങ്കിട്ട് ചിത്ര ദുർഗയിലെ ഹിരിയൂർ സർക്കാർ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടു.അതെസമയം കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കുമെന്നാണ് സൂചന.

കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വെങ്കിട്ട രാമനില്‍ നിന്നും ചൊവ്വാഴ്ച പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഭാര്യ സുചന സേത്തുമായി അകന്നു കഴിയുകയാണെന്നും വിവാഹ മോചനത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നുവെന്നും വെങ്കിട്ട രാമൻ പൊലീസിനോട് പറഞ്ഞു.ഇരുവരും പിരിഞ്ഞു താമസിച്ചിരുന്നതിനാൽ വീഡിയോ കോളിലൂടെയാണ് മകനുമായി സംസാരിച്ചിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതി സുചന മകനെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു.കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഗോവയിൽ ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാ‍ർട്ട്മെന്‍റിലെ കിടക്കയിലെ പുതപ്പിലുള്ളത് ഇവരുടെ രക്തക്കറയാണെന്നും കൈയിൽ മുറിവുകൾ ഉണ്ടെന്നും മകൻ മരിച്ച ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സുചന മൊഴി നൽകിയതായും പൊലീസ് വിശദമാക്കി.

ബുധനാഴ്ച സുചന സേത്തിനെ കൊലപാതകം നടത്തിയ നോർത്ത് ഗോവയിലെ കണ്ടോലിമിലുള്ള സർവീസ് അപ്പാർട്മെന്റിൽ എത്തിച്ച് തെളിവെടുക്കും. നിലവിൽ ആറു ദിവസത്തെ കസ്റ്റഡിയിൽ കഴിയുകയാണ് സുചന. ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സുചന മകനോടൊപ്പം എത്തി ഇവിടെ മുറിയെടുത്തത്.

കുഞ്ഞിന്റെ മൃതദേഹം ചിത്ര ദുർഗയിലെ ഐമംഗല പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് 36 മണിക്കൂർ മുൻപ് കൊലപാതകം നടന്നതായാണ് പോലീസിന്റെ നിഗമനം.തലയണ കൊണ്ട് മുഖം പൊത്തി ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് സുചന പോലീസിന് നൽകിയ പ്രാഥമിക മൊഴി.

പാലക്കാട് സ്വദേശിയായ വെങ്കിട്ട് രാമനും പശ്ചിമ ബംഗാൾ സ്വദേശിനി ആയ സുചന സേത്തും 2010ലാണ് വിവാഹിതരായത്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം 2019 ലായിരുന്നു ഇരുവർക്കും കുഞ്ഞ് പിറന്നത്. എന്നാൽ വൈകാതെ ഇരുവർക്കുമിടയിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് പിരിഞ്ഞു താമസിക്കാൻ തുടങ്ങി.

വിവാഹ മോചന കേസിന്റെ വിധി വരാനിരിക്കെയാണ് പ്രതി മകനെ കൊലപ്പെടുത്തിയത്. ആഴ്ചയിലൊരിക്കൽ മകനെ പിതാവിനോടൊപ്പം ചെലവഴിക്കാൻ അനുവദിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അങ്ങനെ മകനെ അച്ഛനോടൊപ്പം വിടുന്നതിൽ സുചനക്ക് താൽപര്യമില്ലായിരുന്നു. ഊ അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Crime News goa goa murder case suchana