കോഴിക്കോട്: കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത് ഉടനെത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്.നിലവിൽ നഷ്ടത്തിലോടുന്ന ഗോവ - മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി കോഴിക്കോട് എംപി എംകെ രാഘവനെ അറിയിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് വന്ദേ ഭാരത് സർവീസ് നീട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞത്.അതെസമയം കേരളത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരതായിരിക്കുമിത്.മംഗലാപുരം - മഡ്ഗാവ് റൂട്ടിൽ വന്ദേ ഭാരത് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇത് കേരളത്തിലേക്ക് നീട്ടണമെന്ന അഭിപ്രായം ഉയർന്നുവന്നിരുന്നു.
വടക്കൻ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കൂടി സഹായകരമാകുന്ന സർവീസായി സെമി ഹൈസ്പീഡ് ട്രെയിൻ മാറുമെന്നായിരുന്നു ഉയർന്ന വാദമെങ്കിലും റെയിൽവേ ആദ്യം ഇത് പരിഗണിച്ചിരുന്നില്ല. എന്നാൽ മംഗാലപുരം - ഗോവ റൂട്ടിൽ സർവീസ് നഷ്ടത്തിലായതോടെ കോഴിക്കോടേക്ക് നീട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഇപ്പോൾ റെയിൽവേ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവിൽ രാവിലെ 8:30നാണ് വന്ദേ ഭാരത് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്നത്. ഇതിൽ മാറ്റം വരുത്താതെ കോഴിക്കോട് നിന്ന് രാവിലെ അഞ്ച് മണിയ്ക്ക് ശേഷം യാത്ര ആരംഭിക്കുന്ന രീതിയിലാകും സർവീസിന്റെ ക്രമീകരണം. കണ്ണൂരിലും കാസർകോടും സ്റ്റോപ്പുകളുണ്ടാകും.
ഉച്ചയ്ക്ക് ഒരുമണിയോടെ ട്രെയിൻ ഗോവയിലെത്തിച്ചേരും. വൈകീട്ട് ആറ് മണിയ്ക്കാണ് മടക്കയാത്ര ആരംഭിക്കുന്നത്. തുടർന്ന് 10:45ന് മംഗളൂരുവിൽ എത്തുന്ന വിധത്തിലാണ് സർവീസ്. ഈ സർവീസ് ഗോവയിൽനിന്ന് നേരത്തെയാക്കാൻ സാധ്യതയുണ്ട്.