തലച്ചോറിന്റെ വിസ്മയലോകത്തിനുള്ളില്‍ കയറാം, സയന്‍സ് ഫെസ്റ്റിവലില്‍

കഷ്ടിച്ച് ഒന്നര കിലോഗ്രാം ഭാരമുള്ള കൊഴുപ്പിന്റെ മൃദുവായ ഒരു കൂന മനുഷ്യജീവനേയും ജീവിതത്തേയും നിയന്ത്രിക്കുന്നതിന്റെ അത്ഭുത വഴികളിലേക്ക് കാണികളെ നയിക്കുകയാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലെ തലച്ചോറിന്റെ പവലിയന്‍.

author-image
Web Desk
New Update
തലച്ചോറിന്റെ വിസ്മയലോകത്തിനുള്ളില്‍ കയറാം, സയന്‍സ് ഫെസ്റ്റിവലില്‍

തിരുവനന്തപുരം: കഷ്ടിച്ച് ഒന്നര കിലോഗ്രാം ഭാരമുള്ള കൊഴുപ്പിന്റെ മൃദുവായ ഒരു കൂന മനുഷ്യജീവനേയും ജീവിതത്തേയും നിയന്ത്രിക്കുന്നതിന്റെ അത്ഭുത വഴികളിലേക്ക് കാണികളെ നയിക്കുകയാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലെ തലച്ചോറിന്റെ പവലിയന്‍. ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന പവലിയനില്‍ തലച്ചോറിന്റെ ഓരോഭാഗങ്ങള്‍ മാത്രമല്ല, ഉറക്കവും സ്വപ്നവും തുടങ്ങി കംപ്യൂട്ടേഷണല്‍ ഉപകരണങ്ങള്‍ മനുഷ്യമനസ്സിനെ എങ്ങനെയൊക്കെയാണ് വിപുലീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നതെന്നുവരെ വിശദീകരിക്കുന്നു.

ചിത്രങ്ങളുടേയും ശില്‍പങ്ങളുടേയും ആനിമേഷന്റെയും സംവാദാത്മക പ്രദര്‍ശനവസ്തുക്കളുടേയുമെല്ലാം സഹായത്തോടെയാണ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നത്. വെളിച്ചം പതിക്കുമ്പോള്‍ കണ്ണിന്റെ റെറ്റിന ചുരുങ്ങുന്നതും വെളിച്ചം കുറയുമ്പോള്‍ വികസിക്കുന്നതും മൊബൈല്‍ ഫോണിലെ ടോര്‍ച്ചിന്റെ സഹായത്തോടെ വ്യക്തമായും വലുതായും ഇവിടെ കാണാം. മനുഷ്യരുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ ഏതു ഭാഗമാണെന്ന് മനസ്സിലാക്കാന്‍ വലിയ സ്‌ക്രീനില്‍ ഡിസൈഡിംഗ് എന്നെഴുതിയ ഭാഗത്ത് സ്പര്‍ശിച്ചാല്‍മതി. ഇത്തരത്തില്‍ തലച്ചോറിന്റെ ഓരോ ഭാഗവും എന്തൊക്കെ ധര്‍മങ്ങളാണ് നിര്‍വഹിക്കുന്നതെന്ന് നിഷ്പ്രയാസം മനസ്സിലാക്കാന്‍ സാധിക്കും. ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെപ്പറ്റിയും ഉറക്കത്തില്‍ സ്വപ്നം ഉണ്ടാകുന്നതെങ്ങനെയെന്നതിനെപ്പറ്റിയുമൊക്കെ ഈ പവലിയനിലെ കാഴ്ചകളിലൂടെ മനസ്സിലാക്കാം. ഇരുപതോളം ലൈറ്റ് ബോക്‌സുകളും അത്രത്തോളം സംവാദാത്മക സ്‌ക്രീനുകളുമെല്ലാം ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. വെളിച്ചവിന്യാസത്തോടെയുള്ള തലച്ചോറിന്റെ വലിയ ഇന്‍സ്റ്റലേഷനും പവലിയനിലുണ്ട്. കാഴ്ചകള്‍ വിശദീകരിച്ചുനല്‍കാന്‍ വോളന്റിയര്‍മാരായി എന്‍സിസി കേഡറ്റുകളുമുണ്ട്.

തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിച്ച ജിഎസ്എഫ്കെയില്‍ ക്യൂറേറ്റഡ് സയന്‍സ് പ്രദര്‍ശനത്തിലേക്ക് അന്താരാഷ്ട്ര പവലിയനുകള്‍ എത്തിത്തുടങ്ങി. ഐഎസ്ആര്‍ഒയുടെ പവലിയന്‍ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെല്‍ട്രോണ്‍ സിഎംഡി: എന്‍. നാരായണമൂര്‍ത്തി, ജിഎസ്എഫ്കെ പ്രോഗ്രാം കണ്‍വീനര്‍ ഡോ. രതീഷ് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫെസ്റ്റിവല്‍ കാണുന്നതിനും അനുബന്ധ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് എത്തുന്നത്. ഫെബ്രുവരി 15 വരെയാണ് പ്രദര്‍ശനം. പ്രവേശന ടിക്കറ്റുകള്‍ gsfk.org എന്ന വെബ്‌സൈറ്റ് വഴിയും ഫെസ്റ്റിവല്‍ വേദിയോടനുബന്ധിച്ചുള്ള കൗണ്ടറുകള്‍ വഴിയും ലഭിക്കും. രാവിലെ പത്തുമുതല്‍ രാത്രി പത്തുമണി വരെയാണ് പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം.

 

kerala Thiruvananthapuram kerala news science global science festival