ചാള്‍സ് ഡാര്‍വിന്‍ സഞ്ചരിച്ച കപ്പലിന്റെ വലിയ മാതൃക, ദിനോസറിന്റെ യഥാര്‍ത്ഥ വലുപ്പമുള്ള അസ്ഥികൂട മാതൃക, രാത്രിയില്‍ ആകാശ നിരീക്ഷണം, ബഹിരാകാശത്ത് നിന്ന് ഭൂമിയെ നോക്കുമ്പോഴുള്ള അനുഭവം... തിരുവനന്തപുരം, തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വിനോദവും വിജ്ഞാനവും പകരുന്ന േേഗ്ലാബല്‍ സയന്‍സ് ഫെസ്റ്റിവല്‍. 25 ഏക്കറില്‍, രണ്ടര ലക്ഷം ചതുരശ്രയടിയിലാണ് സയന്‍സ് ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്. ഏഷ്യയില്‍ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ ക്യൂറേറ്റഡ് സയന്‍സ് ഫെസ്റ്റിവലാണ് ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ നടക്കുന്നത്. 'പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനം' എന്ന തീമില്‍ പ്രപഞ്ചത്തിന്റെ ഉല്പത്തി മുതല്‍ ആധുനിക കാലം വരെയുള്ള സഞ്ചാരമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍. കേരള സംസ്ഥാന ശാസ്ത്ര സങ്കേതിക വകുപ്പിന് കീഴിലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സയന്‍സിന്റെയും കലയുടെയും പ്രചാരണത്തിനായി തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമ്യൂസിയവും ചേര്‍ന്നാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ശാസ്ത്രവും കലയും കൈകോര്‍ക്കുന്ന ഫെസ്റ്റിവലിന്റെ ക്യൂറേറ്ററും അധ്യാപകനും ശാസ്ത്രപ്രചാരകനുമായ ഡോ. വൈശാഖന്‍ തമ്പി സംസാരിക്കുന്നു.
ശാസ്ത്രവും കലയും കൈകോര്‍ക്കുന്നത് എങ്ങനെ?
ശാസ്ത്രവും കലയും പരസ്പര വിരുദ്ധമല്ല. ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന പദമാണ് STEM-സയന്‍സ് ടെക്‌നോളജി എന്‍ജിനീയറിംഗ് ആന്‍ഡ് മാത്തമാറ്റിക്. എന്നാല്‍, പല വിദേശ രാജ്യങ്ങളിലും STEAM എന്ന പദമാണ് ഉപയോഗിക്കുന്നത്. അതായത്, സയന്‍സ് ടെക്‌നോളജി എന്‍ജിനീയറിംഗ് ആര്‍ട്ട് ആന്‍ഡ് മാത്തമാറ്റിക്‌സ്! ശാസ്ത്രവും കലയും പരസ്പര ബന്ധമില്ലാത്ത രണ്ടു മേഖലകളല്ല. ശാസ്ത്രത്തെക്കുറിച്ച് പലപ്പോഴും ശരിയായ ധാരണ ഇല്ലാത്തതു കൊണ്ടാണ് രണ്ടിനെയും വേറിട്ടു കാണുന്നത്. ടെക്‌നോളജിയെയാണ് ശാസ്ത്രം എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. സത്യത്തില്‍ ടെക്‌നോളജിയില്‍ നിന്ന് ശാസ്ത്രത്തെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. അതാണ് വെല്ലുവിളിയും. ടെക്‌നോളജി സാധ്യമാക്കുന്ന അറിവാണ് ശാസ്ത്രം. അറിവില്‍ നിന്ന് ഒരു ഉല്പന്നം ഉണ്ടാക്കുന്നു. ഈ ഉല്പന്നമാണ് ടെക്‌നോളജി. കണ്ടും തൊട്ടും അനുഭവിച്ചറിയാന്‍ കഴിയുന്നത് ഈ ഉല്പന്നത്തെയാണ്. ടെക്‌നോളജിയെ ശാസ്ത്രം എന്നു മനസ്സിലാക്കുന്നതിന്റെ കാരണവും ഇതുതന്നെ. മഹാന്മാരായ ശാസ്ത്രജ്ഞന്‍മാരുടെ ജീവിതം പരിശോധിച്ചാല്‍, അവരുടെ സമീപനത്തില്‍ വലിയ ക്രിയേറ്റിവിറ്റിയുണ്ട് എന്നു മനസ്സിലാക്കാം. ശാസ്ത്രം ക്രിയേറ്റിവിറ്റിയാണ് എന്നര്‍ത്ഥം. ഈ ആശയം പൊതുജനങ്ങളിലേക്ക് അധികം എത്തുന്നില്ല. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ പ്രസക്തിയും അതുതന്നെ.
ക്യൂറേറ്റഡ് സയന്‍സ് ഫെസ്റ്റിവല്‍ എന്ന ആശയം വിശദമാക്കാമോ?
ഒരു ഫെസ്റ്റിവലില്‍ എന്തൊക്കെ ഉപയോഗിക്കണം എന്ന തിരഞ്ഞെടുപ്പാണ് ക്യൂറേഷന്‍. ഫെസ്റ്റിവലിനെ പൊതുവായി കോര്‍ത്തിണക്കുന്ന കോണ്‍സപറ്റിനെയാണ് ക്യൂറേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ശാസ്ത്രത്തിന്റെ കാര്യത്തിലും സാധ്യമാണ്. ശാസ്ത്രത്തെ ടെക്‌നോളജിയില്‍ നിന്ന് മാറ്റിനിര്‍ത്തി, അറിവായി പരിഗണിക്കാം. എല്ലാ മനുഷ്യര്‍ക്കും ഒരുപാട് കൗതുകങ്ങളുണ്ട്. ഒപ്പം നിരവധി ചോദ്യങ്ങളും. മനുഷ്യന്‍ ചിന്തിച്ചുതുടങ്ങിയ കാലം മുതല്‍ ഇത്തരം ചോദ്യങ്ങളുമുണ്ട്. മിത്തോളജി കൊണ്ടാ ഫിലോസഫി കൊണ്ടോ ആണ് പൊതുവെ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക. ഈ ചോദ്യങ്ങള്‍ക്ക് നിലവില്‍ വസ്തുനിഷ്ഠമായി തെളിയിച്ചിട്ടുള്ള ഉത്തരങ്ങളുണ്ട്. ഈ ഉത്തരങ്ങള്‍ സങ്കീര്‍ണമായ സാങ്കേതിക പദാവലികളില്‍പ്പെട്ട് കിടക്കുകയാണ്. അതിനാല്‍, സാധാരണക്കാര്‍ക്ക് ഉള്‍ക്കൊളളാന്‍ ബുദ്ധിമുട്ടാണ്.
പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനം എന്നതാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ തീം. ഇതുവരെ കണ്ടെത്തിയിട്ടുള്ള അറിവുകളിലൂടെ ഈ ചോദ്യങ്ങള്‍ക്ക് അഥവാ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് സയന്‍സ് ഫെസ്റ്റിവലില്‍ ചെയ്യുന്നത്. എല്ലാ ഉത്തരങ്ങളും നിരത്തിവയ്ക്കുകയല്ല. പകരം അതില്‍ ഒരു തിരഞ്ഞെടുപ്പ് നടത്തി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ്, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിനെ തീമാറ്റിക്കലി ക്യൂറേറ്റഡ് എന്നുപറയുന്നത്. പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനം എന്താണെന്ന തീമിനെ അടിസ്ഥാനമാക്കിയാണ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. എല്ലാവരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍, പല കഥകള്‍ കൊണ്ട് മനസ്സില്‍ സ്വയം ഉത്തരം നിറച്ചുവയ്ക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ ഉത്തരം നല്‍കലാണ് സയന്‍സ് ഫെസ്റ്റിവലില്‍ നടക്കുന്നത്.
ഫെസ്റ്റിവലിന്റെ ഉള്ളടക്കം?
തീമാറ്റിക്കലി ക്യൂറേറ്റഡ്, ആര്‍ട്ടിസ്റ്റിക്കലി ഡിസൈന്‍ഡ്, ഇതാണ് പ്രത്യേകത. ഇത് നമ്മള്‍ കണ്ടുപരിചയിച്ച ശാസ്ത്രമേളകള്‍. മറ്റു മേളകളില്‍ കാണുന്നതുപോലെ മറ്റാരും വിവരിച്ചുതരാന്‍ ഉണ്ടാവില്ല. പകരം സ്വയം വിശദീകരിക്കുന്ന (Self explanatory) തരത്തിലാണ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുള്ളത്. ഫെസ്റ്റിവല്‍ കോംപ്ലക്‌സിലേക്ക് പ്രവേശിക്കുന്നത് മുതല്‍ കഴിഞ്ഞ് ഇറങ്ങുന്നതുവരെ അതിനൊരു തുടര്‍ച്ചയുണ്ട്. പലതരത്തിലുള്ള ഉള്ളടക്കങ്ങളുണ്ട്. വലിയ ശാസ്ത്ര പരിജ്ഞാനമില്ലാത്തയാള്‍ക്കും മനസ്സിലാക്കാവുന്ന വിധത്തിലാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ആഴത്തില്‍ മനസ്സിലാക്കാനുള്ള ചില ഏരിയകളും ഉണ്ട്. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കും ഫെസ്റ്റിവല്‍ ആസ്വദിക്കാം.
രണ്ടു വര്‍ഷത്തെ തയ്യാറെടുപ്പുണ്ട് ഫെസ്റ്റിവലിന്. മുഴുവന്‍ ഭാഗവും കാണാന്‍ എട്ടു മണിക്കൂറുകളോളം വേണം. വിരസത ഒഴിവാക്കാനായി വൈവിധ്യം കൊണ്ടുവന്നിട്ടുണ്ട്. വ്യത്യസ്ത തലത്തില്‍ നിന്നുകൊണ്ട് ആസ്വദിക്കാനായി ഏറെ ശ്രദ്ധയോടെയാണ് ഓരോന്നും ഒരുക്കിയിട്ടുള്ളത്. ഉള്ളില്‍ നിന്ന് ആസ്വദിക്കാവുന്ന പ്രപഞ്ചത്തിന്റെ മാതൃക, പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് ഡാര്‍വിന്‍ സഞ്ചരിച്ച എസ്എംഎസ് ബീഗിള്‍ എന്ന കപ്പലിന്റെ രൂപം, ഏറെ ശ്രദ്ധിക്കപ്പെട്ട ലൂക് ജെറമിന്റെ മ്യൂസിയം ഒഫ് ദ മൂണ്‍, മ്യൂസിയം ഒഫ് മാര്‍സ്, ദിനോസറുകളുടെ യഥാര്‍ത്ഥ വലിപ്പമുള്ള അസ്ഥികൂട മാതൃക, ബഹിരാകാശത്ത് നിന്ന് ഭൂമിയെ നോക്കുമ്പോഴുള്ള അനുഭവം, യുദ്ധത്തിനിടയില്‍ നില്‍ക്കുന്ന അനുഭവം. ഇങ്ങനെ വേറിട്ട അനുഭവമാവും ഫെസ്റ്റിവല്‍ നല്‍കുക.
വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും പ്രഭാഷണങ്ങളും നടക്കും. നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ കേരളത്തില്‍ ആദ്യമായി പ്രഭാഷണം നടത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നാസയില്‍ നിന്നുള്ള ഡോ. മധുലിക, നൊബേല്‍ ജേതാവ് മോര്‍ട്ടന്‍ പി മെല്‍ഡന്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി ശാസ്ത്രജ്ഞരുടെ പ്രഭാഷണം, വിവിധ കലാപരിപാടികള്‍ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. വൈകുന്നേരങ്ങളില്‍ നടത്തുന്ന കലാപരിപാടികള്‍ കാണുന്നതിന് ടിക്കറ്റില്ല.