ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ അക്കാദമിക് സമ്മേളനമാകും: വി.മുരളീധരന്‍

ലോകമെമ്പാടുമുള്ള ആയുര്‍വേദ വിദഗ്ധരെയും പങ്കാളികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ് 2023) രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ അക്കാദമിക് സമ്മേളനമാകുമെന്ന് വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രിയും ജിഎഎഫിന്റെ സംഘാടക സമിതി ചെയര്‍മാനുമായ വി.മുരളീധരന്‍.

author-image
Web Desk
New Update
ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ അക്കാദമിക് സമ്മേളനമാകും: വി.മുരളീധരന്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ആയുര്‍വേദ വിദഗ്ധരെയും പങ്കാളികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ് 2023) രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ അക്കാദമിക് സമ്മേളനമാകുമെന്ന് വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രിയും ജിഎഎഫിന്റെ സംഘാടക സമിതി ചെയര്‍മാനുമായ വി.മുരളീധരന്‍.

ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്ന പ്രമേയത്തിലാണ് ജിഎഎഫ് നടക്കുന്നത്.

ജിഎഎഫില്‍ അവതരിപ്പിക്കുന്നതിനായി 2500-ത്തിലധികം ശാസ്ത്രീയ പ്രബന്ധങ്ങളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളതെന്നും ഇതില്‍ 1000 -ത്തിലധികം പ്രബന്ധങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 60 ലധികം വിഷയങ്ങളില്‍ 1000-ത്തിലധികം പോസ്റ്റര്‍ അവതരണങ്ങള്‍ 16 വേദികളിലായി നടക്കും. കാന്‍സര്‍ ചികിത്സയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ആയുര്‍വേദത്തിന്റെ പങ്ക് പരിശോധിക്കുന്ന ജിഎഎഫില്‍ ആരോഗ്യമന്ത്രിമാര്‍, അംബാസഡര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട 200-ലധികം പ്രമുഖ പ്രഭാഷകരാണ് ജിഎഎഫിലുള്ളത്. ഇതില്‍ 25-ലധികം പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.

എക്‌സ്‌പോ ജിഎഎഫിലെ പ്രധാന ആകര്‍ഷണമായിരിക്കുമെന്നും രണ്ടര ലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും ജിഎഎഫ് വര്‍ക്കിംഗ് ചെയര്‍മാനും സി.ഐ.എസ്.എസ്.എ പ്രസിഡന്റുമായ ഡോ.ജി.ജി ഗംഗാധരന്‍ പറഞ്ഞു.

ജിഎഎഫ് സെക്രട്ടറി ജനറല്‍ ഡോ.സി സുരേഷ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ ഡോ.വി.ജി ഉദയകുമാര്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.സി.ഡി ലീന, ആയുര്‍വേദ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ദുര്‍ഗാ പ്രസാദ്, ആയുര്‍വേദ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സെബി, പ്രൈവറ്റ് ആയുര്‍വേദ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ്മിത എം.വി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

 

kerala Health ayurveda global ayurveda fest