തിരുവനന്തപുരം:കൊല്ലം ഓയൂരിൽനിന്ന് ആറുവയസുകാരിയെ നാലംഗ സംഘം തട്ടികൊണ്ടുപോയതിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നതായി പൊലീസ്.വെള്ള നിറത്തിലുള്ള കാർ കുറച്ചു ദിവസങ്ങളായി വീടിനടുത്ത് കറങ്ങുന്നതായി അബിഗേലും സഹോദരൻ ജോനാഥനും നേരത്തെ വീട്ടിൽ പറഞ്ഞിരുന്നത് സംശയത്തിനുള്ള പ്രധാന കാരണമായി പൊലീസ് പറഞ്ഞു.
വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചും സ്വന്തം മൊബൈൽഫോൺ ഉപയോഗിക്കാതെയുമൊക്കെ ആസൂത്രിതമായി സംഘം നീങ്ങുന്നതാണ് പൊലീസിനു പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതു വെല്ലുവിളിയായി ഏറ്റെടുത്ത് കുട്ടിയെ എത്രയുംപെട്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
തിങ്കളാഴ്ച കുട്ടിയെ തട്ടികൊണ്ടുപോയി മൂന്നര മണിക്കൂർ പിന്നിടുമ്പോഴാണ് കുട്ടിയുടെ അമ്മ സിജി തങ്കച്ചന്റെ ഫോണിലേക്ക് സംഘത്തിൽ ഉൾപ്പെട്ട സ്ത്രീയുടെ വിളിയെത്തിയത്. അഞ്ചു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
കുട്ടിയിൽനിന്നാണോ അമ്മയുടെ ഫോൺ നമ്പർ ലഭിച്ചത് അതോ നേരത്തെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘം ശേഖരിച്ചോ എന്നതുൾപ്പെടെ അവ്യക്തമായി തുടരുന്നു. പൊലീസ് പ്രധാന റോഡുകളിലെല്ലാം പരിശോധന നടത്തുന്നതിനിടെയാണ് വീട്ടിലേക്ക് ഫോൺ സന്ദേശം എത്തിയത്.
കൊല്ലം ജില്ലയിലെ പാരിപ്പള്ളി കിഴക്കനേലയിലെ ഒരു കടയുടമയുടെ ഫോണിൽനിന്നാണ് സംഘം വിളിച്ചത്.എന്നാൽ സാധാരണ വാർത്താ പ്രധാന്യം നേടുന്ന കേസുകളിൽ, സംഭവം നടന്ന സ്ഥലത്തുനിന്നും ദൂരെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറാനാണ് ക്രിമിനൽ സംഘങ്ങൾ ശ്രമിക്കുന്നത്.
തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് അൽപംമാറി മോചനദ്രവ്യം ആവശ്യപ്പെടുന്നത് പതിവുള്ള രീതിയല്ല എന്നും പൊലീസ് പറയുന്നു.മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ വിളി തെറ്റിദ്ധരിപ്പിക്കാനാണോ എന്ന സംശയത്തിലാണ് പൊലീസ്.അതിനാൽ കുടുംബവുമായി പരിചയമുള്ള ചിലരുടെ പശ്ചാത്തലവും പൊലീസ് പരിശോധിച്ചുവരികയാണ്.