ന്യൂഡല്‍ഹി: തെലങ്കാനയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയതിനു പിന്നാലെ വാഗ്ദാനങ്ങള്‍ നിറവേറ്റി കോണ്‍ഗ്രസ്. സംസ്ഥാനത്തെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസത്തിനകമാണ് രേവന്ത് റെഡ്ഡി, കോണ്‍ഗ്രസ്സ് ഉറപ്പുനല്‍കിയ രണ്ട് വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്. ബസ് യാത്ര സൗജന്യമായതിന്റെ ആവേശത്തിലാണ് കോളേജ് വിദ്യാര്‍ത്ഥിനികളുള്‍പ്പെടെയുള്ളഴ സ്ത്രീകള്‍.അതെസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തിരഞ്ഞെടുപ്പിന് മുമ്പുള്ള എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുന്നത് പുതിയ സര്‍ക്കാരിന് വലിയ സാമ്പത്തിക വെല്ലുവിളിയാകും.
സോണിയാ ഗാന്ധിയുടെ ജന്മദിനത്തിലായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പുതിയ തുടക്കം. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര മാത്രമല്ല,സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധി 10 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു.തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ചുള്ള തന്റെ ഉറപ്പ് സോണിയാ ഗാന്ധി നിറവേറ്റിയതുപോലെ, 100 ദിവസത്തിനുള്ളില്‍ ആറ് തിരഞ്ഞെടുപ്പ് 'വാഗ്ദാനങ്ങള്‍' നടപ്പിലാക്കി തെലങ്കാനയെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും പേരുകേട്ട സംസ്ഥാനമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുമെന്ന് റെഡ്ഡി പറഞ്ഞു.
'രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഗതാഗത മന്ത്രി എന്ന നിലയില്‍, സ്ത്രീകള്‍ക്ക് സൗജന്യമായി ബസില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.'- തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍ പറഞ്ഞു.
സര്‍ക്കാര്‍ ബസുകളിലെ സൗജന്യ യാത്രയ്ക്ക് തെലങ്കാന സര്‍ക്കാരിന് പ്രതിദിനം 6 കോടി രൂപയും പ്രതിവര്‍ഷം ഏകദേശം 2,500 കോടി രൂപയും ചിലവാകും .നിലവില്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള മറ്റ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന്റെ സാമ്പത്തിക ബാധ്യത വിലയിരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. അതെസമയം ഖജനാവ് കാലിയാക്കിയ കഴിഞ്ഞ ബിആര്‍എസ് സര്‍ക്കാരിനെ തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്‌സ് മന്ത്രി ഉത്തം കുമാര്‍ റെഡ്ഡി വിമര്‍ശിച്ചു.