ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജി വച്ചതിന് പിന്നാലെ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ചൊവ്വാഴ്ച ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. ഏതെങ്കിലും പാർട്ടിയുടെ ഭാഗമാകുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ വ്യക്തമാക്കുമെന്ന് അശോക് ചവാൻ ത്ങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കൊണ്ടാണ് അശോക് ചവാൻ പാർട്ടി വിട്ടത്.
ചൊവ്വാഴ്ച മുംബൈയിൽ വച്ച് അശോക് ചവാൻ ബിജെപിയിൽ ചേരുമെന്നും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന കോൺഗ്രസ് നേതാവായ മിലിന്ദ് ദിയോറ കഴിഞ്ഞ മാസം പാർട്ടിയിൽ നിന്ന് രാജി വച്ച് ശിവസേനയിൽ(ഷിൻഡെ വിഭാഗം) ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് അശോക് ചവാന്റെയും മാറ്റം. മഹാരാഷ്‌ട്ര പിസിസി മുൻ അദ്ധ്യക്ഷൻ കൂടിയാണ് അശോക് ചവാൻ.
പിസിസി അദ്ധ്യക്ഷൻ നാനാ പഠോളയുമുള്ള അഭിപ്രായ ഭിന്നയാണ് ചവാന്റെ രാജിക്ക് പിന്നിലെന്നും സൂചനയുണ്ട്. മഹാരാഷ്‌ട്രയിലെ ഒരു കോൺഗ്രസ് നേതാവിന്റെ പ്രവർത്തന ശൈലിയിൽ അശോക് ചവാന് അതൃപ്തി ഉണ്ടായിരുന്നുവെന്ന് മുംബൈ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപവും പറഞ്ഞു.
നാനാ പഠോളിന്റെ പേര് എടുത്ത് പറയാതെയായിരുന്നു പരാമർശം. ഈ നേതാവിനെതിരെ അശോക് ചവാൻ ഉന്നത നേതൃത്വത്തെ സമീപിച്ചിരുന്നുവെന്നും, അന്ന് നടപടി എടുത്തിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും സഞ്ജയ് നിരുപം ആരോപിച്ചു.