'മധ്യപ്രദേശിലെ ജനങ്ങള്‍ ഒരു മാറ്റത്തിനായി കാത്തിരിക്കുന്നു': കമല്‍നാഥ്

മധ്യപ്രദേശിലെ ജനങ്ങള്‍ ഒരു മാറ്റത്തിനായി കാത്തിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. ദ ഹിന്ദു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

author-image
Web Desk
New Update
'മധ്യപ്രദേശിലെ ജനങ്ങള്‍ ഒരു മാറ്റത്തിനായി കാത്തിരിക്കുന്നു': കമല്‍നാഥ്

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജനങ്ങള്‍ ഒരു മാറ്റത്തിനായി കാത്തിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. ദ ഹിന്ദു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് മാറ്റത്തിനായി കാത്തിരിക്കുന്ന ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

'45 വര്‍ഷമായി പിന്‍തുടരുന്ന രാഷ്ട്രീയ ജീവിതത്തില്‍ നിന്നും എനിക്ക് ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. മധ്യപ്രദേശിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ തോല്‍ക്കും' എന്ന് കമല്‍നാഥ് പറഞ്ഞു.

അതേസമയം ബഗേശ്വര്‍ ധാമിലെ പ്രധാന പൂജാരിയായ ധീരേന്ദ്ര ശാസ്ത്രിയുടെ പരിപാടി സംഘടിപ്പിച്ച് സംസ്ഥാനത്തെ വോട്ടര്‍മാരെ വശീകരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഹിന്ദു കാര്‍ഡ് പരസ്യമായി കളിക്കുകയാണെന്ന ആരോപണത്തെയും കമല്‍നാഥ് നിഷേധിച്ചു.

മധ്യപ്രദേശിലെ ഏറ്റവും വലിയ പ്രശ്‌നം അഴിമതിയാണ്. സംസഥാനത്തെ ഓരോ വ്യക്തിയും അതിന്റെ ഇരയോ സാക്ഷിയോ ആണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 18 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്.
ശിവരാജ് സിങ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നതോടു കൂടി പലവിധത്തിലുള്ള അഴിമതികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ എന്റെ പ്രവര്‍ത്തന രീതികള്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. നടപ്പിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളെക്കുറിച്ച് വാഗ്ദാനങ്ങള്‍ നല്‍കാറില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. 500 രൂപയ്ക്ക് വനിതകള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കും എന്നതായിരുന്നു വാഗ്ദാനങ്ങളില്‍ പ്രധാനം. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വച്ചുക്കൊണ്ടായിരുന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്. 2024 ജനുവരി ഒന്നിന് കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതോടു കൂടി സ്ത്രീകളുടെ അക്കൗണ്ടില്‍ 1500 രൂപ നല്‍കുകയും 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് നവംബര്‍ 17 നാണ്. ഡിസംബര്‍ 3 നാണ് വോട്ടെണ്ണല്‍.

 

Latest News national news kamalnath