തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ പരാതിയില്‍ പുരാരേഖ വകുപ്പ് മേധാവിക്കും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കും പിഴയിട്ട് വിവരാവകാശ കമ്മിഷന്‍. പുരാരേഖ ഡയറക്ടറായി രണ്ടു മാസം മുമ്പ് വിരമിച്ച ജെ റെജികുമാറും ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ജോസഫ് സ്‌കറിയക്കും 50,618 രൂപയാണ് പിഴയിട്ടത്. വകുപ്പില്‍ സൂപ്രണ്ടായ ആര്‍ ആര്‍ ബിന്ദുവിന്റെ പരാതിയിലാണ് നടപടി.
ബിന്ദുവിന്റെ സ്ഥാനക്കയറ്റം തടയുകയും കോവിഡ് കാലത്ത് നിയമവിരുദ്ധമായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് വിവരങ്ങള്‍ ശേഖരിക്കാന്‍ 2020 ജൂണ്‍ 2 ന് വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂലായ് 27 ന് ഡയറക്ടര്‍ക്ക് അപ്പീലും നല്‍കി. എന്നാല്‍, പലതവണ അപേക്ഷ നല്‍കിയിട്ടും വിവരങ്ങള്‍ ലഭ്യമാക്കാതെ വന്നപ്പോഴാണ് ബിന്ദു വിവരാവകാശ കമ്മിഷനെ സമീപിച്ചത്. അര്‍ഹമായ സ്ഥാനക്കയറ്റം ഒന്നര വര്‍ഷം വൈകിയതുള്‍പ്പെടെ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരമായി എട്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
പിഴത്തുകയായ 50,618 രൂപയില്‍ 25,618 രൂപ ബിന്ദുവിന് നേരിട്ട് നല്‍കണമെന്നും 25,000 രൂപ കമ്മിഷനില്‍ അടയ്ക്കണമെന്നും കമ്മിഷന്‍ അംഗം എ അബ്ദുല്‍ ഹക്കീം വിധിച്ചു. ബിന്ദുവില്‍ നിന്ന് ഈടാക്കിയ 618 രൂപ ജോസഫ് സ്‌കറിയ ഒക്ടോബര്‍ 30 ന് മുമ്പ് തിരിച്ചുനല്‍കണം. പിഴത്തുകയായ 25,000 രൂപ 25 ന് മുമ്പ് കമ്മിഷനില്‍ അടയ്ക്കണമെന്നും വിധിയില്‍ പറയുന്നു. പുരാരേഖ ഡയറക്ടറാണ് ബിന്ദുവിന് 25,000 രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്. നഷ്ടപരിഹാരത്തുക നവംബര്‍ 4 ന് മുമ്പ് ബിന്ദുവിന് നല്‍കുകയും വേണം.
ജോസഫ് സ്‌കറിയ ഇപ്പോള്‍ ഉഴവൂര്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വല്‍ സയന്‍സസില്‍ ഉദ്യോഗസ്ഥനാണ്. പിഴത്തുക അടച്ചില്ലെങ്കില്‍ ജോസഫ് സ്‌കറിയയുടെ ശമ്പളത്തില്‍ നിന്ന് പിടിക്കാന്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.