തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ബ്രിഡ്ജ് നിർമ്മാണം ചട്ടങ്ങൾ പാലിക്കാതെയെന്നും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാതെയാണ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്.മാത്രമല്ല കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ല.
തീരത്തെ ഏത് തരം നിർമാണ പ്രവർത്തികൾക്കും കെസിഇസഡ്എംഎയുടെ (KCZMA) അനുമതി വേണം എന്നാണ് ചട്ടം. എന്നാൽ താത്കാലിക നിർമാണമായതിനാൽ അനുമതി വേണ്ടതില്ലെന്നാണ് ഡിറ്റിപിസിയും അഡ്വഞ്ചർ ടൂറിസവും നൽകുന്ന വിശദീകരണം.ഗുരുതര വീഴ്ചയുണ്ടായിട്ടും കയ്യൊഴിഞ്ഞ നിലപാടാണ് സർക്കാരിന്റെ ടൂറിസം ഏജൻസികൾ സ്വീകരിച്ചിരിക്കുന്നത്.
അതെസമയം ഇതിന്റെ നടത്തിപ്പ് ഉത്തരവാദിത്വം കരാർ കമ്പനിക്കാണെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ് ടൂറിസം പ്രമോഷൻ കൗൺസിൽ. സുരക്ഷാ ചുമതല നടത്തിപ്പ് കമ്പനിക്ക് മാത്രമാണെന്ന് അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലും പറയുന്നു.ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ.എം.ലാജി പറഞ്ഞു.
വേലിയേറ്റ സമയത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിപ്പിക്കരുതായിരുന്നു എന്നും കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായും ലാജി വ്യക്തമാക്കി.പൂർണ സുരക്ഷ ഉറപ്പാക്കാതെ ഇനി നടത്തിപ്പിന് അനുവദിക്കില്ലെന്നും നഗരസഭ ഉറപ്പ് നൽകി.
ശനിയാഴ്ചയാണ് അപകടം നടന്നത്. ശക്തമായ തിരയിൽപെട്ട് ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്നായിരുന്നു അപകടം.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർക്ക് പരുക്കേറ്റിരുന്നു. രണ്ട് പേരുടെ നില ഗുരുതരമാണ്.കൈവരി തകർന്നതിന് പിന്നാലെ വീണ്ടും ശക്തമായ തിരയടിച്ച് ബ്രിഡ്ജിലുണ്ടായിരുന്നവർ കടലിലേക്ക് പതിച്ചു. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും തിരയിൽ പെട്ടവർക്ക് വേഗത്തിൽ കരയിലേക്ക് നീന്താനായില്ല. തുടർന്ന് സുരക്ഷാ ജീവനക്കാരാണ് കടലിൽ വീണവരെ പുറത്തെത്തിച്ചത്. ഉടനെ തന്നെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു