ഡല്‍ഹി: സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 44 പേര്‍ മരിച്ചുവെന്ന കണക്കുകളാണ് പുറത്തുവരുന്നത്.142 പേരെ കാണാനില്ല. ബംഗാള്‍ അതിര്‍ത്തിയില്‍ നിന്ന് 6 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂല കാലാവസ്ഥ തടസമാകുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായധനമായി നാലു ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകള്‍ ഉപയോഗിക്കാനും സൈന്യം തീരുമാനമായി.
വിനോദസഞ്ചാരികള്‍ അടക്കം 7000 പേരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം രക്ഷപ്പെടുത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പ്രളയത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.
കൂടുതല്‍ കേന്ദ്രസേന അടക്കം സംസ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചുങ്താങ്ങില്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്.
ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെ എത്തിയിട്ടുണ്ട്. വടക്കന്‍ സിക്കിമിലെ സാക്കോ ചോ തടാക തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.