ദുരന്തഭൂമിയായി സിക്കിം; 14 മരണസംഖ്യ ഉയരുന്നു, 102 പേരെ കാണാതായി

മിന്നല്‍ പ്രളയത്തില്‍ ദുരന്തഭൂമിയായി സിക്കിം. ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 14 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 22 സൈനികരുള്‍പ്പടെ 102 പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു.

author-image
Priya
New Update
ദുരന്തഭൂമിയായി സിക്കിം; 14 മരണസംഖ്യ ഉയരുന്നു, 102 പേരെ കാണാതായി

ഗാങ്‌ടോക്: മിന്നല്‍ പ്രളയത്തില്‍ ദുരന്തഭൂമിയായി സിക്കിം. ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 14 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 22 സൈനികരുള്‍പ്പടെ 102 പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു.

കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. സൈന്യം, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് തുടങ്ങിയവരെല്ലാം രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 

പ്രളയത്തില്‍ കിഴക്ക് സിക്കിമില്‍ പാക്യോഗ്, ഹിമാലയിലെ ചില മലയിലെ താഴ്വരകള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. മരിച്ചവരില്‍ 7 പേരും ഈ സ്ഥലങ്ങളിലുള്ളവരാണ്.

6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സംസ്ഥാനം പുറത്ത് വിട്ട റിപ്പോര്‍ട്ട്. 2000 പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. സിക്കിമില്‍ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

ലാചെന്‍ താഴ്വരയിലെ നിരവധി സൈനിക സ്ഥാപനങ്ങള്‍ക്കു കേടുപാട് സംഭവിച്ചു. 11 പാലങ്ങളാണ് തകര്‍ന്നത്. സൈനിക വാഹനങ്ങളുള്‍പ്പെടെ വെള്ളത്തിനടിയിലാണ്.

വടക്കന്‍ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനമുണ്ടായതാണ് പ്രളയത്തിന് കാരണം. ചുങ്താങ് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ട് തുറന്നുവിട്ടതോടെ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു.

അതേസമയം, നേപ്പാളിലെ ഭൂകമ്പമാണ് മിന്നല്‍ പ്രളയത്തിന് കാരണമായതെന്ന സംശയവും ഇപ്പോള്‍ വിദഗ്ധര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് തടാകത്തിലെ വെള്ളം കുത്തിയൊലിച്ചതാകാം മിന്നല്‍ പ്രളയത്തിന് കാരണമായതെന്ന് കേന്ദ്ര ജല കമ്മിഷനും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍, സിക്കിമില്‍ സൗത്ത് ലൊനാക് തടാകം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളെ ഇത് വന്‍ തോതില്‍ ബാധിക്കുമെന്നും 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അന്താരാഷ്ട്ര ഗവേഷകരുടെ സംഘം നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജിയോമോര്‍ഫോളജി ജേണലില്‍ പ്രസിദ്ധീകരിച്ച 2021ലെ പഠനത്തില്‍ മഞ്ഞ് പിന്‍വാങ്ങിയതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ സൗത്ത് ലൊനാക് തടാകം ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ഗ്ലേഷ്യല്‍ തടാകം പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണെന്നും വ്യക്തമാക്കിയിരുന്നു.

 

flash flood sikkim