സിക്കിമിലെ മിന്നല്‍ പ്രളയത്തിന് കാരണം ഭൂകമ്പമോ? മരണ സംഖ്യ ഉയര്‍ന്നു, 82 പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്

സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 10 പേര്‍ മരിച്ചു. 22 സൈനികര്‍ അടക്കം 82 പേരെ കാണാതായെന്നാണു റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം കാണാതായ സൈനികരില്‍ ഒരാളെ കണ്ടെത്തി.

author-image
Priya
New Update
സിക്കിമിലെ മിന്നല്‍ പ്രളയത്തിന് കാരണം ഭൂകമ്പമോ? മരണ സംഖ്യ ഉയര്‍ന്നു, 82 പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്

ഗാങ്‌ടോക്: സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 10 പേര്‍ മരിച്ചു. 22 സൈനികര്‍ അടക്കം 82 പേരെ കാണാതായെന്നാണു റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം കാണാതായ സൈനികരില്‍ ഒരാളെ കണ്ടെത്തി.

ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, മിന്നല്‍ പ്രളയത്തിന് ഇടയാക്കിയത് നേപ്പാളിലെ ഭൂകമ്പമെന്ന സംശയത്തെ തുടര്‍ന്ന് വിദഗ്ധര്‍ ഈ സാധ്യത പരിശോധിക്കുകയാണെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു.

ഭൂകമ്പത്തെ തുടര്‍ന്ന് തടാകത്തിലെ വെള്ളം കുത്തിയൊലിച്ചതാകാം മിന്നല്‍പ്രളയത്തിന് ഇടയാക്കിയതെന്നും കേന്ദ്ര ജല കമ്മിഷന്‍ സംശയം പ്രകടിപ്പിച്ചു.

 

ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സിക്കിമില്‍ മിന്നല്‍ പ്രളയമുണ്ടായത്. ലാചെന്‍ താഴ്വരയിലാണ് സംഭവം. വടക്കന്‍ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്‌ഫോടനമുണ്ടായതാണ് പ്രളയത്തിന് കാരണമായത്.

ചുങ്താങ് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ട് തുറന്നുവിട്ടതോടെ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. ചിലയിടങ്ങളില്‍ 20 അടി വരെ ജലനിരപ്പുയര്‍ന്നു.

പ്രളയത്തില്‍ സൈനിക വാഹനങ്ങളുള്‍പ്പെടെ വെള്ളത്തിനടിയിലായി. ലാചെന്‍ താഴ്വരയിലെ നിരവധി സൈനിക സ്ഥാപനങ്ങള്‍ക്കു കേടുപാട് സംഭവിച്ചു. 14 പാലങ്ങള്‍ തകര്‍ന്നതായാണു റിപ്പോര്‍ട്ട്.

സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് സിങ്തങില്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തി. സംസ്ഥാനത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

flash flood sikkim