ഇംഫാല്‍: മണിപ്പൂരില്‍ നിന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങി. യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ശക്തമായ കടന്നാക്രമണമാണ് രാഹുല്‍ നടത്തിയത്. മണിപ്പൂരിന്റെ വേദന ഞാന്‍ മനസ്സിലാക്കുന്നു. പ്രധാനമന്ത്രി ഇതുവരെ സംസ്ഥാനത്ത് എത്തിയില്ല. ജനങ്ങളുടെ കണ്ണീര്‍ തുടക്കുകയോ അവരെ ചേര്‍ത്തുപിടിക്കുകയോ ചെയ്തില്ല.
മണിപ്പൂരിന്റെ നഷ്ടം ഞാന്‍ മനസ്സിലാക്കുന്നു. അതിനാലാണ് യാത്ര മണിപ്പൂരില്‍ നിന്ന് തുടങ്ങാന്‍ തീരുമാനിച്ചത്. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരും. ജനങ്ങള്‍ക്ക് പറയാനുള്ളത് മുഴുവന്‍ യാത്രക്കിടെ കേള്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
യാത്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫ്‌ലാഗ് ഓഫ് ചെയ്തു. ഭരണഘടനക്കായുള്ള പോരാട്ടമാണ് ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ രാഹുല്‍ ഗാന്ധി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മതേതരത്വം സംരക്ഷിക്കുകയാണ് യാത്രയുടെ ലക്ഷ്യം. വോട്ടിന് വേണ്ടി ബിജെപി എന്തും ചെയ്യും. വിശ്വാസവും വോട്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സമുദ്രത്തിനകത്ത് വരെ മോദി പോകുന്നുണ്ട്. എന്നാല്‍ മണിപ്പൂരില്‍ വരാന്‍ അദ്ദേഹത്തിന് സമയമില്ലെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.