വാഷിംഗ്ടൺ: ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി അമേരിക്ക.അലബാമയിലാണ് സംഭവം.ഒക്‌ലഹോമ, മിസിസിപ്പി എന്നിവയ്‌ക്കൊപ്പം നൈട്രജൻ ഹൈപ്പോക്‌സിയയെ വധശിക്ഷാ രീതിയായി അംഗീകരിച്ച യുഎസ് സംസ്ഥാനങ്ങളിൽ ഒന്നാണ് അലബാമ.
കെന്നഡി യുജിന്‍ സ്മിത്തിനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1988 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.യുഎസിൽ ഈ രീതിയിലുള്ള വധശിക്ഷ നടപ്പിലാക്കാൻ കോടതി ഉത്തരവ് ഇതാദ്യമായിട്ടായിരുന്നു.
ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളിയിരുന്നു. യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണു വധശിക്ഷ നിയമപരം. വിഷരാസവസ്തുക്കൾ കുത്തിവച്ചാണു പൊതുവേ ശിക്ഷ നടപ്പാക്കുക.
ആദ്യമായാണ് ഇത്തരത്തില്‍ അമേരിക്കയില്‍ വധശിക്ഷ നടത്തിയത്. മരണ അറയില്‍ എത്തിക്കഴിഞ്ഞാല്‍, ഒരു റെസ്പിറേറ്ററിലൂടെ വാതകം ശ്വസിക്കാന്‍ പ്രേരിപ്പിക്കും, ശരീരത്തിലെ ഓക്സിജന്‍ നഷ്ടപ്പെടുത്തുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലാകുകയും ചെയ്യും. ഇത്തരത്തില്‍ വധശിക്ഷ നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് 4 മുതല്‍ 6% വരെയാണെങ്കില്‍ 40 സെക്കന്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയും ഏതാനം മിനിട്ടുകള്‍ക്കുള്ളില്‍ മരണവും സംഭവിക്കുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വിശദീകരണം.അബോധാവസ്ഥയ്‌ക്കൊപ്പം ചിലപ്പോള്‍ അപസ്മാരത്തിലേതുപോലുള്ള അസ്വസ്ഥകൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.