ലഖ്നോ: ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യ രാമക്ഷേത്രത്തിൽ ആദ്യ സ്വർണ കവാടം സ്ഥാപിച്ചു. 12 അടി ഉയരവും 8 അടി വീതിയുമുള്ള വാതിൽ കോവിലിന്‍റെ മുകളിലെ നിലയിലാണ് സ്ഥാപിച്ചത്. ക്ഷേത്ര അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
അതെസമയം അടുത്ത മൂന്ന് ദിവസത്തിനകം 13 സ്വർണ്ണ വാതിലുകൾ സ്ഥാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ആകെ 46 വാതിലുകളാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുക.ജനവുരി 22 നാണ് അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചക്ക് 12.15 ന് മോദി കർമ്മങ്ങൾ നിർവഹിക്കും.
അതെസമയം രാമക്ഷേത്ര ഉദ്ഘാടന ദിവസം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.ചടങ്ങിനെ 'ദേശീയ ഉത്സവം' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ചടങ്ങിനായി സർക്കാർ കെട്ടിടങ്ങൾ അലങ്കരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ജനുവരി 22ന് ശേഷം ഭക്തരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നതിനാൽ ഉയർന്ന നിലവാരം പുലർത്തി നിശ്ചിത സമയപരിധിക്കുള്ളിൽ ചുമതലകൾ നിർവഹിക്കണമെന്ന് മുഖ്യമന്ത്രി യോഗി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.ഒരു തരത്തിലുള്ള അവഗണനയും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.