തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ അറസ്‌ററ്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇമെയില്‍ ഉണ്ടാക്കിയ അഭിഭാഷകന്‍ റയിസ് ആണ് അറസ്റ്റിലായത്. പരാതിക്കാരനായ ഹരിദാസന്റെ മരുമകള്‍ക്ക് ആയുഷ് മിഷനിലേക്കുള്ള പോസ്റ്റിങ് ഓര്‍ഡര്‍ ഒരു വ്യാജ ഇമെയിലിലൂടെയാണ് ലഭിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വ്യാജ ഇമെയില്‍ നിര്‍മിച്ചത് റയിസാണെന്ന നിഗമനത്തിലാണ് അറസ്റ്റ്.
റയിസിനു ഗൂഢാലോചനയിലും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കന്റോണ്‍മെന്റ് പൊലീസ് റയിസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരന്‍ ഹരിദാസന്റെ സുഹൃത്തും മുന്‍ എഐഎസ്എഫ് മലപ്പുറം ജില്ലാ നേതാവുമായ കെ.പി.ബാസിതിനെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.
കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട അഖില്‍ സജീവന്റെയും ലെനിന്റെയും അടുത്ത സുഹൃത്താണ് അഭിഭാഷകനായ റയിസ്.
ചൊവ്വാഴ്ച രാവിലെ മുതല്‍ തിരുവനന്തപുരെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ റെയ്‌സിനെയും ബാസിതിനെയും ഒപ്പമിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. ബാസിതിന് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകേണ്ടി വരും.
പരാതിക്കാരന്‍ ഹരിദാസനോടു ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചെങ്കിലും അയാള്‍ ഹാജരായില്ല. കേസുമായി ബന്ധപ്പെട്ട് ലെനിന്‍ രാജുവും അഖില്‍ സജീവും ഒളിവിലാണ്. ഇവര്‍ക്കായും തിരച്ചില്‍ തുടരുകയാണ്.
മലപ്പുറം സ്വദേശി ഹരിദാസന്റെ മരുമകള്‍ക്ക് മെഡിക്കല്‍ ഓഫിസര്‍ നിയമനത്തിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫംഗം അഖില്‍ പി.മാത്യു കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. 2 ദിവസം കഴിഞ്ഞ് നിയമന ഉത്തരവിന്റെ ഇ മെയില്‍ വന്നെന്നും പരാതിയില്‍ പറയുന്നു.