മാലിന്യം വലിച്ചെറിഞ്ഞാൽ 50,000 രൂപ വരെ പിഴ, ഒരു വർഷം വരെ തടവ്; ഓർഡിനൻസിന് മന്ത്രിസഭാ അം​ഗീകാരം

പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടി പരിസ്ഥിതിപ്രശ്നം ഉണ്ടായാൽ തദ്ദേശസ്ഥാപന സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ശിക്ഷാനടപടി നേരിടേണ്ടി വരും. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാർ പിഴ ചുമത്തും.

author-image
Greeshma Rakesh
New Update
മാലിന്യം വലിച്ചെറിഞ്ഞാൽ 50,000 രൂപ വരെ പിഴ, ഒരു വർഷം വരെ തടവ്; ഓർഡിനൻസിന് മന്ത്രിസഭാ അം​ഗീകാരം

തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി മുതൽ കടുത്ത ശിക്ഷ.റോഡിലും ജലാശയങ്ങളിലും മാലിന്യ വലിച്ചെറിഞ്ഞാൽ 1,000 മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവുവരെ ലഭിക്കും.ഇതിനായുള്ള കരട് ഓർഡിനൻസ് മന്ത്രിസഭാ അംഗീകരിച്ചു.

മാലിന്യശേഖരണത്തിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ 3 മാസം കഴിയുമ്പോൾ 50% ശതമാനം പിഴയോടു കൂടി ഈടാക്കാനുള്ള വ്യവസ്ഥയും കേരള മുനിസിപ്പാലിറ്റി ഭേദഗതി കരട് ഓർഡിനൻസിലും കേരള പഞ്ചായത്ത് രാജ് ഭേദഗതി കരട് ഓർഡിനൻസിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവർണറുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇവ പ്രാബല്യത്തിൽ വരും.

വിസർജ്യവും ചവറും ഉൾപ്പെടെയുള്ള മാലിന്യം ജലാശയത്തിൽ തള്ളുന്നവർക്കും കക്കൂസ് മാലിന്യം ഒഴുക്കുന്നവർക്കും 10,000 മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവും ലഭിക്കും. ജാമ്യമില്ലാ കുറ്റമാണിത്.കെട്ടിടം പൊളിച്ച മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും പൊതുസ്ഥലത്തു തള്ളിയാലുള്ള പിഴ 10,000 രൂപയാക്കി. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താലും 5,000 രൂപ പിഴ ഈടാക്കും.

അതെസമയം പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടി പരിസ്ഥിതിപ്രശ്നം ഉണ്ടായാൽ തദ്ദേശസ്ഥാപന സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ശിക്ഷാനടപടി നേരിടേണ്ടി വരും. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാർ പിഴ ചുമത്തും. കുറ്റകൃത്യത്തിന്റെ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും. വിവരം തെറ്റാണെങ്കിൽ 10,000 രൂപയാണ് പിഴ.

kerala kerala cabinet meeting waste punishment ordinance