കൊച്ചി: ദേശീയ ശരാശരിയെക്കാള്‍ ആദായ നികുതി ശേഖരണത്തില്‍ കേരളം മുന്നേറുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 23 ശതമാനം വളര്‍ച്ചയുണ്ടായതായും മന്ത്രി വ്യക്തമാക്കി. 23,750 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് ലഭിച്ചത്. ആദായ നികുതിയുടെ ദേശീയ ശരാശരി വളര്‍ച്ചാ നിരക്ക് 17 ശതമാനമായിരുന്നു.
എന്നാല്‍ കേരളം ഇനിയും മുന്നേറണമെന്നും മന്ത്രി പറഞ്ഞു. ആദായനികുതി വകുപ്പിന്റെ കേരളത്തിലെ ആസ്ഥാനമായ പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍ ഓഫിസിന്റെ പുതിയ കെട്ടിടം (ആയകര്‍ ഭവന്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നികുതി പിരിവ് ഉദ്യോഗസ്ഥര്‍ എപ്പോഴും പഴയ തലമുറയില്‍പെട്ട ഉദ്യോഗസ്ഥരുടെ അനുഭവ സമ്പത്ത് വിനിയോഗിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. യുവാക്കളുടെ ഊര്‍ജത്തെക്കാളും ഉത്സാഹത്തെക്കാളും പ്രധാനം മുതിര്‍ന്നവരുടെ അനുഭവമാണെന്ന് അരിസ്റ്റോട്ടില്‍ പോലും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങിലേക്ക് വിരമിച്ച ഒട്ടേറെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ക്ഷണിച്ചിരുന്നു. കേന്ദ്ര നികുതി ബോര്‍ഡ് ചെയര്‍മാന്‍ നിതിന്‍ ഗുപ്ത ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം കേരളത്തില്‍ 13000 കോടിയുടെ നികുതി പിരിവ് ഇതിനകം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ധനമന്ത്രി ചന്ദ്രയാന്‍ ഫലകങ്ങള്‍ വിതരണം ചെയ്തു. ആദായ നികുതി നിയമത്തിന്റെ മലയാള തര്‍ജമയും ചടങ്ങില്‍ മന്ത്രി പ്രകാശിപ്പിച്ചു.
സിബിഡിടി അംഗം സഞ്ജയ് കുമാര്‍ വര്‍മ, പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍ സുനില്‍ മാഥൂര്‍, ആദായ നികുതി ഡയറക്ടര്‍ ജനറല്‍ (അന്വേഷണം) ദേവ് ജ്യോതി ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.