മൈസൂരു: മൈസൂര്‍ പെരിയപട്ടണയില്‍ ഒന്നരവയസ്സുള്ള മകനെ കുളത്തിലെറിഞ്ഞു കൊന്ന പിതാവ് അറസ്റ്റില്‍. മാക്കോട് സ്വദേശി ഗണേഷിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ചയാണ് സംഭവം.
പ്രസവത്തോടെ ഗണേഷിന്റെ ഭാര്യ മരിച്ചിരുന്നു. പിന്നീട് ഗണേഷും മൂന്നുകുട്ടികളുമായി ഇയാളുടെ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു. സംഭവദിവസം അമ്മയുമായി വഴക്കുണ്ടാക്കി ഇളയ കുട്ടിയെയുമെടുത്ത് ഗണേഷ് വീടുവിട്ടു. തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള കുളത്തിലെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ മൃതദേഹം കണ്ടെടുത്തശേഷം നടത്തിയ അന്വേഷണത്തിലാണ് ഗണേഷ് പിടിയിലായത്. കുട്ടിയെ സംരക്ഷിക്കാന്‍ വഴിയില്ലാത്തതിനാല്‍ കുളത്തിലെറിഞ്ഞതാണ് എന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി.