ഇടുക്കി: ഇടുക്കി കരുണാപുരത്ത് ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക്. തേര്‍ഡ്ക്യാമ്പ് മൂലശ്ശേരില്‍ സുനില്‍ കുമാറിനും മകന്‍ ശ്രീനാഥിനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
പാമ്പാടിയില്‍ ഒരു ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് തേര്‍ഡ്ക്യാമ്പിലെ വീട്ടില്‍ എത്തിയതായിരുന്നു സുനില്‍ കുമാറും മകനും. ഭക്ഷണം കഴിച്ച ശേഷം വീടിനുള്ളില്‍ ഇരിക്കുമ്പോഴാണ് സുനിലിനും മകന്‍ ശ്രീനാഥിനും ഇടിമിന്നലേറ്റത്. മിന്നലില്‍ തലയ്ക്കും കാലിനും മുറിവുകളേറ്റ സുനിലിനെയും മകനെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക്
മാറ്റി.
കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീനാഥ്. ശ്രീനാഥ് അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ സുനില്‍ ഇപ്പോഴും തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടി അതിര്‍ത്തി മേഖലയില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്തിരുന്നു. കരുണാപുരം, കൂട്ടാര്‍, തേര്‍ഡ്ക്യാമ്പ്, രാമക്കല്‍മേട്, തൂക്കുപാലം, മുണ്ടിയെരുമ, നെടുങ്കണ്ടം, പാറത്തോട്, ഉടുമ്പന്‍ചോല തുടങ്ങിയ മേഖലകളില്‍ നാല് മണിക്കൂറോളം അതിശക്തമായ മഴ പെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച, നെടുങ്കണ്ടം എഴുകുംവയലില്‍ ഇടിമിന്നലേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.ഇദ്ദേഹത്തിന്റെ വീടും ഭാഗികമായി തകര്‍ന്നു.
ജില്ലാ ഭരണകൂടം ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.