ന്യൂഡല്‍ഹി: ലോക സഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫറൂഖ് അബ്ദുള്ള. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവിയില്‍ എന്‍.ഡി.എയില്‍ ചേര്‍ന്നേക്കുമെന്നും അദ്ദേഹം സൂചന നല്‍കി.
എ.ബി. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് നാഷണല്‍ കോണ്‍ഫ്രന്‍സ് എന്‍.ഡി.എയുടെ ഭാഗമായിരുന്നു. ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷികളുമായി നടന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം ജമ്മു കാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പും നടന്നേക്കുമെന്നും നിശ്ചയമായും നാഷണല്‍ കോണ്‍ഫ്രന്‍സ് ഒറ്റയ്ക്ക് തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം മുതല്‍ ഇന്ത്യ സഖ്യവുമായി ഫറൂഖ് അബ്ദുള്ള അകല്‍ച്ചയിലായിരുന്നു. സീറ്റ് വിഭജനത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ മറ്റൊരു മുന്നണിക്ക് രൂപം നല്‍കുമെന്ന് ഫറുഖ് അബ്ദുള്ള വ്യക്തമാക്കിയിരുന്നു. ഇന്ത്യ സഖ്യത്തിന്റെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിരുന്ന അദ്ദേഹം കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ കേന്ദ്രവിരുദ്ധ സമരത്തിലും പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസം നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ പ്രമുഖ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ ജമ്മു കാശ്മീരില്‍ ബി.ജെ.പിയും നാഷണല്‍ കോണ്‍ഫ്രന്‍സും മൂന്ന് സീറ്റുകള്‍ വീതം നേടിയിരുന്നു.