ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ നിര്‍ത്തിവെച്ച ഡല്‍ഹി ചലോ മാര്‍ച്ച് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് കിസാന്‍ മസ്ദുര്‍ മോര്‍ച്ച നേതാവ് സര്‍വാന്‍ സിംഗ് പന്ദേര്‍. മാര്‍ച്ച് 10 ന് രാജ്യവ്യാപകമായി റെയില്‍വെ ട്രാക്കുകള്‍ ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് മണി വരെയാണ് ട്രെയിന്‍ ഉപരോധം. പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുക്കില്ല. ഇവര്‍ പഞ്ചാബ് - ഹരിയാന അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ട്രെയിനിലും ബസ്സിലും ഉള്‍പ്പെടെ സഞ്ചരിച്ച് ഡല്‍ഹി മാര്‍ച്ച് നടത്തും. അവര്‍ ഞങ്ങളെ ഡല്‍ഹിയിലേക്ക് പോകാന്‍ അനുവദിക്കുമോയെന്ന് നോക്കാം. അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറുന്നത് വരെ സമരം തുടരും. തന്റെയും ജഗ്ദീപ് സിംഗ് ദല്ലേവാളിന്റെയും സംഘടനകള്‍ മാത്രമാണ് സമരം നടത്തുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ചൊവ്വാഴ്ചയും മാര്‍ച്ച് 10 നുമായി നടക്കുന്ന സമരങ്ങളിലൂടെ 200 കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന രാജ്യവ്യാപക സമരമാണിതെന്ന് കേന്ദ്രസര്‍ക്കാരിന് ബോദ്ധ്യമാകുമെന്നും സര്‍വാന്‍ സിംഗ് പന്ദേര്‍ അറിയിച്ചു.
കര്‍ഷക സമരത്തില്‍ കൊല്ലപ്പെട്ട ശുഭ്കരണ്‍ സിംഗിന്റെ അന്തിമോപചാര ചടങ്ങിനിടയിലാണ് പ്രഖ്യാപനം നടന്നത്.