കണ്ണൂര്‍: കണ്ണൂര്‍ കണിച്ചാറില്‍ ക്ഷീര കര്ഷകന് ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ടി(68)നെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആല്‍ബര്‍ട്ടിന് കേരള സഹകരണ ബാങ്കില്‍ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഭാര്യയുടെ പേരിലാണ് കേരള സഹകരണ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് വ്യക്തിപരമായ ആവശ്യത്തിന് വായ്പ എടുത്തത്. ഇതിന്റെ കുടിശ്ശിക ഈ മാസം തന്നെ തിരിച്ചടക്കണമെന്നും അല്ലാത്ത പക്ഷം തുടര്‍നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ഈ മാസം 18ന് നോട്ടീസ് ലഭിച്ചിരുന്നു.
പലയിടത്തുനിന്നും പണം ലഭിക്കാന്‍ ആല്‍ബര്‍ട്ട് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്നും ഇതേ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഭാര്യ വത്സ പള്ളിയില്‍ പോയ സമയത്താണ് ആല്‍ബര്‍ട്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
20വര്‍ഷത്തോളം കൊളക്കാട് ക്ഷീര സംഘത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച ആല്‍ബര്‍ട്ട് പ്രദേശത്തെ സജീവ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് പാര്‍ട്ടി അംഗവുമാണ്.