ഒരു കര്‍ഷകന്റെ കൂടി ജീവന്‍ പൊലിഞ്ഞു; ഡല്‍ഹി ചലോ മാര്‍ച്ചില്‍ തീരുമാനം ബുധനാഴ്ച

ഡല്‍ഹി ചലോ മാര്‍ച്ച് സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഡല്‍ഹി ചലോ മാര്‍ച്ചിന്റെ അടുത്ത പരിപാടിയെ കുറിച്ച് തീരുമാനം പ്രഖ്യാപിക്കും.

author-image
Web Desk
New Update
ഒരു കര്‍ഷകന്റെ കൂടി ജീവന്‍ പൊലിഞ്ഞു; ഡല്‍ഹി ചലോ മാര്‍ച്ചില്‍ തീരുമാനം ബുധനാഴ്ച

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ച് സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഡല്‍ഹി ചലോ മാര്‍ച്ചിന്റെ അടുത്ത പരിപാടിയെ കുറിച്ച് തീരുമാനം പ്രഖ്യാപിക്കും.

ഇതിനിടെ സമരത്തില്‍ പങ്കെടുത്തിരുന്ന ഒരു കര്‍ഷകന് കൂടി ജീവന്‍ നഷ്ടമായി. പഞ്ചാബ് - ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ കര്‍ഷകസമരത്തില്‍ പങ്കെടുത്തിരുന്ന കര്‍ണയില്‍ സിംഗ് (50) ആണ് പ്രക്ഷോഭം ആരംഭിച്ച് 15 -ാം ദിവസമായ ചൊവ്വാഴ്ച മരിച്ചത്. പട്യാലയിലെ റാണോ ഗ്രാമത്തില്‍ നിന്നും സമരത്തിനെത്തിയ കര്‍ണയില്‍ സിംഗിന് ശ്വാസകോശ രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇയാളുടെ പിതാവ് നിഹാല്‍ സിംഗ് ഖനൗരി അതിര്‍ത്തിയില്‍ ഇപ്പോഴും കര്‍ഷക സമരത്തിലാണ്.

സമരത്തിലായിരുന്ന കര്‍ണയില്‍ സിംഗിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് പട്യാല രജീന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

എന്നാല്‍ സമരത്തിനിടയില്‍ ഖനൗരിയില്‍ ഹരിയാന പൊലീസ് നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്നാണ് കര്‍ണയില്‍ സിംഗ് ശ്വാസകോശ രോഗബാധിതനായതെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ 15 ദിവസമായി പഞ്ചാബ് - ഹരിയാന അതിര്‍ത്തിയിലെ ശംഭു, ഖനൗരി അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. ഡല്‍ഹി ചലോ മാര്‍ച്ച് ഇവിടെ തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം.

 

india delhi BJP narendra modi farmer protest