വീട്ടിലെ വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു; ഭീതിയിലായി കുടുംബം

ആര്യനാട് ഇറവൂര്‍ കിഴക്കേക്കര സജി ഭവനില്‍ ഡി.സത്യന്റെ വീട്ടില്‍, വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നതായി പരാതി. സംഭവത്തില്‍ ഭീതിയിലായ കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറി.

author-image
Web Desk
New Update
വീട്ടിലെ വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു; ഭീതിയിലായി കുടുംബം

ആര്യനാട്(തിരുവനന്തപുരം): ആര്യനാട് ഇറവൂര്‍ കിഴക്കേക്കര സജി ഭവനില്‍ ഡി.സത്യന്റെ വീട്ടില്‍, വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നതായി പരാതി. സംഭവത്തില്‍ ഭീതിയിലായ കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറി.തനിയെ ഉള്ള തീപിടിത്തത്തില്‍ കുടുംബവും നാട്ടുകാരും പകച്ചിരിക്കുകയാണ്.

15ന് രാത്രി 9 മുതലാണ് പേടിപ്പെടുത്തുന്ന സംഭവം തുടങ്ങിയതെന്ന് സത്യന്‍ പറയുന്നു. അലമാരയിലും സമീപത്തെ സ്റ്റാന്‍ഡിലും ഇട്ടിരുന്ന വസ്ത്രങ്ങളിലുമാണ് ആദ്യം തീ പിടിച്ചത്. പുക ഉയരുന്നതിനു പിന്നാലെ വസ്ത്രങ്ങള്‍ കത്തുമെന്ന് സത്യന്‍ പറയുന്നു. വസ്ത്രങ്ങള്‍ വീടിന് പുറത്തിടുമ്പോള്‍ കുഴപ്പമില്ല. അന്ന് ഒരുപാട് വസ്ത്രങ്ങള്‍ക്ക് തീ പിടിച്ചതായും സത്യന്‍ പറഞ്ഞു. അടുത്ത ദിവസവും സംഭവം തുടര്‍ന്നതോടെ വീട്ടുകാര്‍ പഞ്ചായത്തംഗം ഐത്തി അശോകനെ അറിയിച്ചു.

ഇതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്ന് കരുതി ഇലക്ട്രിഷ്യനെയും സമീപിച്ചെന്ന് വീട്ടുകാര്‍ പറയുന്നു.എന്നാല്‍, പരിശോധനയില്‍ വയറിങ്ങിന് തകരാറൊന്നും കണ്ടില്ല. പഞ്ചായത്തംഗം വീട്ടിലുണ്ടായിരുന്ന സമയത്തും വസ്ത്രങ്ങള്‍ അഗ്‌നിക്കിരയായി. ആര്യനാട് പൊലീസും ഇലക്ട്രിസിറ്റി ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനും വീട്ടില്‍ എത്തി. ഈ സമയം തീപിടിത്തമൊന്നുമുണ്ടായില്ല.

അടുത്തദിവസം രാവിലെ പഞ്ചായത്തംഗം വീട്ടുകാരോട് തീപ്പെട്ടി, ലൈറ്റര്‍ പോലുള്ള സാധനങ്ങള്‍ ഒളിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചു. ചൊവ്വാഴ്ച പ്രശ്‌നം ഉണ്ടായില്ല. ബുധന്‍ രാത്രി 9 ന് വീണ്ടും തീ പടര്‍ന്നു. വ്യാഴം വൈകിട്ട് വീട്ടില്‍ നടന്ന പ്രാര്‍ഥനയുടെ ഒടുവിലും തീ പിടിത്തം ഉണ്ടായതായി സത്യന്‍ പറഞ്ഞു. വെള്ളിയാഴ്ച പഞ്ചായത്തിലും പൊലീസ് സ്റ്റേഷനിലും വീട്ടുകാര്‍ പരാതി നല്‍കി.

അന്ന് വൈകിട്ട് അടുക്കളയില്‍ ഉണ്ടായിരുന്ന പേപ്പറുകള്‍ക്കും പ്ലാസ്റ്റിക് ചാക്കുകള്‍ക്കും തീ പിടിച്ചെന്ന് കുടുംബം പറയുന്നു.ഭീതിയിലായ കുടുംബം അന്ന് രാത്രി ബന്ധു വീട്ടിലേക്ക് താമസം മാറി. സത്യനും ഭാര്യ ജെ.സലീനയും മകനും ചെറുമക്കളും ആണ് വീട്ടില്‍ താമസം.

Thiruvananthapuram trivandrum news Latest News fire newspdates