തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ 23 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. തിരുവനന്തപുരം പാറശ്ശാല തച്ചന്‍വിള, പ്രായരക്കല്‍വിള സതീഷ് ജപകുമാറി (41)നെയാണ് ആറന്മുള പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിന് ഇരയായ കോഴഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് നടപടി.
വന്ധന കൃഷ്ണ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് 2019ലാണ് യുവാവ് കോഴഞ്ചേരി സ്വദേശിയുമായി ബന്ധം സ്ഥാപിച്ചത്. പരാതിക്കാരനെ യുവതിയാണെന്ന് വിശ്വസിപ്പിച്ചു.ഇയ്യാളുടെ വിവിധ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്. 2019 മുതല്‍ 2023 വരെ പലതവണയായി 23 ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്ന് കൈക്കലാക്കിയത്.
സ്വകാര്യ കേളേജ്, മദ്രാസ് യൂണിവേഴ്സ്റ്റിയുടെ സ്റ്റഡിസെന്റര്‍ ആയി ഉയര്‍ത്താമെന്ന് വാഗ്ദാനം നല്‍കിയും പത്തനംതിട്ടയിലുള്ള പരാതിക്കാരനില്‍ നിന്നും യുവാവ് പണം വാങ്ങിയിരുന്നു.മദ്യവും ആഡംബരവസ്തുക്കളും വാങ്ങാനാണ് പ്രതി തട്ടിയെടുത്ത പണം ഉപയോഗിച്ചിരുന്നത്.
എറണാകുളം തൈക്കുടത്തുള്ള ഒരു വീട്ടില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന വ്യാജേന താമസിക്കവേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.പ്രതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി. ആറന്മുള പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.കെ മനോജിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.