'എംപിമാർക്കും എംഎൽഎമാർക്കുമെതിരായ വിചാരണകൾ വേഗത്തിലാക്കണം'; ഹൈകോടതികൾക്ക് സുപ്രീംകോടതിയുടെ നിർദേശം

ഈ കേസുകൾ രാഷ്ട്രീയ ജനാധിപത്യത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്നും ഓരോന്നും നിർബന്ധിതമായി തീർപ്പാക്കേണ്ട ആവശ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

author-image
Greeshma Rakesh
New Update
'എംപിമാർക്കും എംഎൽഎമാർക്കുമെതിരായ വിചാരണകൾ വേഗത്തിലാക്കണം'; ഹൈകോടതികൾക്ക് സുപ്രീംകോടതിയുടെ നിർദേശം

ന്യൂഡൽഹി: നിയമസഭകളിലെയും പാർലമെന്റിലെയും അംഗങ്ങൾക്കെതിരായ ക്രിമിനൽ കേസുകളിലെ വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതികൾക്ക് സുപ്രീം കോടതിയുടെ നിർദ്ദേശം. ഈ കേസുകൾ രാഷ്ട്രീയ ജനാധിപത്യത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്നും ഓരോന്നും നിർബന്ധിതമായി തീർപ്പാക്കേണ്ട ആവശ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കേസുകൾ മുൻഗണനാക്രമത്തിൽ എടുത്ത് വേഗത്തിൽ തീർപ്പുണ്ടാക്കണമെന്നാണ് നിർദേശം.

പാർലമെന്ററി ജനാധിപത്യത്തിന്റെ കാര്യക്ഷമവും ഫലപ്രഥവുമായ പ്രവർത്തനത്തിന് രാഷ്ട്രീയ പ്രതിനിധികൾക്ക് ആത്മവിശ്വാസവും വിശ്വാസവും ആവശ്യമാണ്,അത് ഒരു എംപിയോ എംഎൽഎയോ ആകട്ടെ. എന്നാൽ രാഷ്ട്രീയ കേസുകളുടെ കണക്കുകൾ കൂടുമ്പോൾ അത്തരം ആത്മവിശ്വാസം പ്രതീക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ചീഫ് ജസ്റ്റിസ് (സിജെഐ) ധനഞ്ജയ വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 2022 നവംബർ വരെ അത്തരം 5,175 കേസുകൾ കുന്നുകൂടി കിടക്കുന്നുണ്ടെന്നും ബെഞ്ച് ചൂണ്ടികാട്ടി.

നിയമനിർമ്മാതാക്കൾക്കെതിരായ വിചാരണകൾ തീർപ്പാക്കുന്നതിൽ ഉൾപ്പെടെ കാലതാമുണ്ട്. അതെസമയം എംപിമാർക്കും എം‌എൽ‌എമാർക്കും എതിരായ ക്രിമിനൽ കേസുകളുടെ വിചാരണകൾ തീർപ്പാക്കുന്നതിന് ഒരു പ്രത്യേക സമയക്രമം നിശ്ചയിച്ച് ഏകീകൃത നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

എന്നിരുന്നാലും, ഞങ്ങൾ സ്വീകരിക്കുന്ന സമ്പ്രദായത്തിന്റെയും നടപടിക്രമത്തിന്റെയും ഓരോ ഘട്ടത്തിലും പരിഷ്‌കാരത്തിന് അവസരമുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. അന്വേഷണം പൂർത്തീകരിച്ച് വിചാരണ സുഗമമായി നടത്തുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനും കേസുകൾ എത്രയും വേഗം അവസാനിപ്പിക്കുന്നതിനും സാധിക്കുമെന്ന് പറഞ്ഞ് ചില മാർഗ്ഗനിർദ്ദേശങ്ങൾ കോടതി നിരത്തി.

രാജ്യത്തുടനീളമുള്ള 25 ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരോട് പാർലമെന്റ് അംഗങ്ങൾക്കും നിയമസഭകൾക്കും എതിരെ കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകൾ നേരത്തേ തീർപ്പാക്കുന്നത് നിരീക്ഷിക്കാൻ ചീഫ് ജസ്റ്റിസുമാർ അധ്യക്ഷനായ പ്രത്യേക ബെഞ്ച് അല്ലെങ്കിൽ അവർ നിയോഗിച്ച ബെഞ്ച് സ്വമേധയാ കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചു.

 

വിവാദമായ കേസുകൾ വേഗത്തിലും ഫലപ്രദമായും തീർപ്പാക്കുന്നതിന് ആവശ്യമായ ഉത്തരവുകളും നിർദ്ദേശങ്ങളും ഹൈക്കോടതിക്ക് പുറപ്പെടുവിക്കാം. കോടതിയെ സഹായിക്കാൻ അഡ്വക്കേറ്റ് ജനറലിനെയോ പബ്ലിക് പ്രോസിക്യൂട്ടറെയോ വിളിക്കുന്നത് പ്രത്യേക ബെഞ്ചിന് പരിഗണിക്കാമെന്നും ബെഞ്ച് പറഞ്ഞു. അത്തരം വിചാരണകളുടെ സ്ഥിതിയെകുറിച്ച് ആനുകാലിക റിപ്പോർട്ടുകൾ അയയ്ക്കാൻ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയോട് ആവശ്യപ്പെടാം.

എംപിമാർക്കും എംഎൽഎമാർക്കും എതിരെ വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കേസുകൾക്കും തുടർന്ന് അഞ്ച് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കേസുകൾക്കും വിചാരണ വിചാരണ കോടതികൾ മുൻഗണന നൽകണമെന്നും കോടതി നിർദേശിച്ചു. കൊലപാതകം, പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുക, തട്ടിക്കൊണ്ടുപോകൽ, മോചനദ്രവ്യം, കലാപം തുടങ്ങിയ കുറ്റങ്ങൾക്ക് പ്രതികൾക്ക് വധശിക്ഷ ലഭിക്കും.

അപൂർവവും നിർബന്ധിതവുമായ കാരണങ്ങളല്ലാതെ വിചാരണ കോടതികൾ കേസുകൾ മാറ്റിവയ്ക്കില്ല. വിചാരണയുടെ തുടക്കവും അവസാനവും ഉറപ്പാക്കാൻ സ്റ്റേ ഓർഡറുകൾ ഉൾപ്പെടെയുള്ള ഉചിതമായ ഉത്തരവുകൾ പാസാക്കാണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.

വിചാരണക്കോടതികൾക്ക് ഇത്തരം കേസുകൾ ഏറ്റെടുക്കുന്നതിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് പുറമെ, അത്തരം കേസുകൾ ഫയൽ ചെയ്ത വർഷത്തിന്റെ വിശദാംശങ്ങളും അവയുടെ നിലയും മറ്റും സംബന്ധിച്ച് ജില്ല തിരിച്ചുള്ള വിവരങ്ങളും പ്രസക്തമായ വിശദാംശങ്ങളും നൽകിക്കൊണ്ട് ഹൈക്കോടതികൾ അവരുടെ വെബ്‌സൈറ്റുകളിൽ ഒരു പട്ടിക തയ്യാറാക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.

സിറ്റിംഗ് അംഗങ്ങൾക്കും മുൻ പാർലമെന്റ് അംഗങ്ങൾക്കും അസംബ്ലികൾക്കും എതിരെയുള്ള ക്രിമിനൽ വിചാരണ വേഗത്തിലാക്കാൻ ഉചിതമായ നിർദേശങ്ങൾ ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായ 2016ൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ശിക്ഷിക്കപ്പെട്ടവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കണമെന്നും ഉപാധ്യായ തന്റെ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപാധ്യായയുടെ ഹർജിയിൽ കോടതിയുടെ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ, സെപ്തംബറിലെ തന്റെ റിപ്പോർട്ടിൽ, രാജ്യത്തെ വിവിധ വിചാരണ കോടതികളിലായി 5,175 കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ എംഎൽഎമാർ/എംപിമാർക്കെതിരെയുള്ള വിചാരണകൾ വേഗത്തിൽ തീർപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടിയിരുന്നു.

കുറ്റപത്രം സമർപ്പിച്ച് ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ, വിചാരണ കോടതികൾ അവരുടെ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർക്ക് വിശദീകരണം നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. വിചാരണ കോടതികളിലെ ജഡ്ജി പറയുന്ന കാരണം തൃപ്തികരമാണെങ്കിൽ ചീഫ് ജസ്റ്റിസിന് വിചാരണ കാലാവധി നീട്ടാം. ക്രിമിനൽ ആരോപണങ്ങൾ നേരിടുന്ന രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷൻ എന്ന എൻജിഒ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്.

india mla Supreme Court case politics High Courts MP