ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴികെയുള്ള മറ്റ് മുഖ്യമന്ത്രിമാർക്ക് ക്ഷണമില്ല.
ചടങ്ങിൽ ദലിത് , കർസേവകരുടെയും കുടുംബങ്ങളെയും മറ്റ് നിരവധി പ്രമുഖരേയും വിളിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാരോ യു.പി സർക്കാരോ ഒരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയൊ കേന്ദ്രമന്ത്രിമാരെയോ രാഷ്ട്രീയ പ്രമുഖരെയോ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.
ജനുവരി 22 ന് നടക്കുന്ന ചടങ്ങിൽ ബി.ആർ. അംബേദ്കറുടെയും ജഗ്ജീവൻ റാമിന്റെയും കൻഷി റാമിന്റെയും കുടുംബാംഗങ്ങളെ ക്ഷണിച്ചിട്ടുണ്ട്. രാമജൻമഭൂമി മൂവ്മെന്റിന്റെ ഭാഗമായിരുന്ന മരണപ്പെട്ട കർസേവകരുടെ കുടുംബാംഗങ്ങൾക്കും ക്ഷണമുണ്ട്.മാത്രമല്ല സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച മൂന്ന് ചീഫ് ജസ്റ്റിസുമാർ, കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ മുൻ തലവൻമാർ, മുൻ അംബാസഡർമാർ, ഉന്നത ഉദ്യോഗസ്ഥർ, ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥർ, നൊബേൽ ജേതാക്കൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
ചടങ്ങ് ഒഴിവാക്കിയതിന് കോൺഗ്രസ് പോലുള്ള പ്രതിപക്ഷ പാർട്ടികളെ ബിജെപി രൂക്ഷമായി വിമർശിച്ചതോടെ രാമക്ഷേത്ര പരിപാടിക്കുള്ള ക്ഷണങ്ങളും രാഷ്ട്രീയ തർക്കത്തിലേക്ക് വഴിമാറി.കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവരാണ് ക്ഷണം നിരസിച്ചത്.ബിജെപിയുടെയും ആർഎസ്എസിന്റേയും പാർട്ടി പരിപാടി എന്ന് ചൂണ്ടികാട്ടിയായിരുന്നു ക്ഷണം നിരസിച്ചത്.അതെസമയം തൃണമൂൽ കോൺഗ്രസും ചടങ്ങ് ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.